കൊവിഡ് കേസുകളുടെ വര്‍ധനവ്; താല്‍ക്കാലിക ആശുപത്രികള്‍ ഒരുക്കാന്‍ സംസ്ഥാനങ്ങളോട് കേന്ദ്രം

ന്യൂഡല്‍ഹി: രാജ്യത്തെ കൊവിഡ് കേസുകള്‍ വീണ്ടും വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ താത്കാലിക ആശുപത്രികള്‍ ഒരുക്കാനും രോഗലക്ഷണങ്ങളുള്ളവരെ പാര്‍പ്പിക്കാന്‍ ഹോട്ടല്‍ മുറികളടക്കം മാറ്റിവയ്ക്കാനും കേന്ദ്ര നിര്‍ദ്ദേശം. ഹോം ഐസലേഷന്‍ നിരീക്ഷിക്കാന്‍ പ്രത്യേകസംഘത്തെ നിയോഗിക്കാനും കേന്ദ്ര ആരോഗ്യമന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് അയച്ച കത്തില്‍ നിര്‍ദ്ദേശിച്ചു.

ഗ്രാമീണമേഖലയ്ക്കും കുട്ടികള്‍ക്കും പ്രത്യേക ശ്രദ്ധനല്‍കണം. ഓക്‌സിജന്‍, വെന്റിലേറ്റര്‍ തുടങ്ങിയവ കൃത്യമായി ഉറപ്പാക്കണം. ദ്രുതപരിശോധന ബൂത്തുകള്‍ തുടങ്ങണം. പനി, തലവേദന, തൊണ്ടവേദന, ശ്വാസതടസം, ശരീരവേദന, രുചിയും മണവും നഷ്ടമാകല്‍, ക്ഷീണം, വയറിളക്കം എന്നിവ രേഗലക്ഷണങ്ങളായി കണക്കാക്കി പരിശോധന വേണമെന്ന് ആരോഗ്യമന്ത്രാലയം നിര്‍ദേശം നല്‍കി..

പോസിറ്റീവ് കേസുകളില്‍ വലിയൊരു ഭാഗത്തെ ഹോം ഐസൊലേഷന്‍ ചെയ്യേണ്ടിവന്നേക്കാം. ഇവര്‍ക്ക് കൃത്യമായ നിരീക്ഷണം ആവശ്യമാണ്. മാത്രമല്ല, സ്ഥിതി മോശമാകുന്ന പക്ഷം ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടിയും വരും. എല്ലാ സംസ്ഥാനങ്ങളും തങ്ങളുടെ ഹോം ഐസൊലേഷന്‍ പ്രോട്ടോക്കോള്‍ നിരീക്ഷിക്കണമെന്നും അത് കൃത്യമായി നടപ്പാകുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും ആരോഗ്യ സെക്രട്ടറിയുടെ കത്തില്‍ പറയുന്നു.

കഴിഞ്ഞ ദിവസത്തേക്കാള്‍ രാജ്യത്ത് കൊവിഡ് കേസുകള്‍ 35 ശതമാനം കൂടി. 22,775 പേര്‍ക്ക് രോഗബാധയും 406 മരണവുമാണ് 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തു. മഹാരാഷ്ട്രയില്‍ 10 മന്ത്രിമാരും 20 എംഎല്‍എമാരും കോവിഡ് രോഗികളാണെന്ന് ഉപമുഖ്യമന്ത്രി അജിത് പവാര്‍ പറഞ്ഞു. രാജ്യത്ത് 1431 പേര്‍ക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. മഹാരാഷ്ട്രയില്‍ 454 ഉം ഡല്‍ഹിയില്‍ 351 ഉം ഒമിക്രോണ്‍ കേസുകള്‍ സ്ഥിരീകരിച്ചു.

Top