കോവിഡ് രൂക്ഷമായ സംസ്ഥാനങ്ങളിലേക്ക് ഉന്നതതല സംഘങ്ങളെ അയയ്ക്കാന്‍ കേന്ദ്രം

ന്യൂഡല്‍ഹി: കോവിഡ് വ്യാപനം രൂക്ഷമായ സംസ്ഥാനങ്ങളിലേക്ക് ഉന്നതതല സംഘങ്ങളെ അയയ്ക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 90 ലക്ഷം കടന്ന സാഹചര്യത്തിലാണ് സര്‍ക്കാരിന്റെ നീക്കം. ഡല്‍ഹി, കേരളം, മഹാരാഷ്ട്ര, പശ്ചിമ ബംഗാള്‍, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളിലാണ് നിലവില്‍ ഏറ്റവും ഉയര്‍ന്ന രോഗബാധ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.

രോഗബാധ ഏറ്റവും രൂക്ഷമായ ജില്ലകളില്‍ സന്ദര്‍ശനം നടത്തുകയും കണ്ടെയ്ന്‍മെന്റ്, നിരീക്ഷണം, പരിശോധന, ചികിത്സ തുടങ്ങിയ കാര്യങ്ങളില്‍ ആവശ്യമായ പിന്തുണ നല്‍കുകയുമാണ് കേന്ദ്രം നിയോഗിക്കുന്ന ഉന്നതതല സമിതിയുടെ ചുമതല.

ഇന്ത്യയില്‍ രോഗബാധ ഏറ്റവും രൂക്ഷമായ സംസ്ഥാനം മഹാരാഷ്ട്രയാണ്. 17.63 ലക്ഷം കേസുകളാണ് ഇവിടെ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. കര്‍ണാടക, ആന്ധ്രാപ്രദേശ്, തമിഴ്‌നാട്, കേരളം എന്നിവയാണ് രോഗബാധ രൂക്ഷമായ മറ്റു സംസ്ഥാനങ്ങള്‍.

Top