കൈത്തറി ഉല്‍പാദനം ഇരട്ടിയാക്കാന്‍ ലക്ഷ്യമിട്ട് കര്‍മ്മ പദ്ധതി തയ്യാറാക്കാന്‍ കേന്ദ്രം

ന്യൂഡല്‍ഹി: രാജ്യത്ത് കൈത്തറി ഉല്‍പ്പാദനം ഇരട്ടിയാക്കാനും കയറ്റുമതി നാല് മടങ്ങ് വര്‍ധിപ്പിക്കാനും ലക്ഷ്യമിട്ട് കര്‍മ്മ പദ്ധതി തയ്യാറാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍. മൂന്ന് വര്‍ഷം കൊണ്ട് കൈത്തറിയുടെ ഉല്‍പ്പാദനം ഇരട്ടിയാക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. കൈത്തറി മേഖലയ്ക്കായി കര്‍മ്മ പദ്ധതി തയ്യാറാക്കാന്‍ എട്ട് അംഗ സമിതിയെ സര്‍ക്കാര്‍ ചുമതലപ്പെടുത്തി.

45 ദിവസത്തിനകം അന്തിമവും സമഗ്രവുമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് കര്‍മ്മ സമിതിയോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഫാഷന്‍ ഡിസൈന്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ചെയര്‍മാന്‍ സുനില്‍ സേഥിയാണ് സമിതിയുടെ അധ്യക്ഷന്‍.

നിലവില്‍ രാജ്യത്ത് നിന്നുളള കൈത്തറി കയറ്റുമതി 2,500 കോടി രൂപയും ആകെ വാര്‍ഷിക ഉല്‍പ്പാദനം 60,000 കോടി രൂപയുടേതുമാണ്. ഇന്ത്യയില്‍ നിന്നുളള കയറ്റുമതി 10,000 കോടി രൂപയിലേക്ക് ഉയര്‍ത്താനും വാര്‍ഷിക ഉല്‍പ്പാദനം 1.2 ലക്ഷം കോടി രൂപയിലേക്ക് ഉയര്‍ത്താനുമായി കര്‍മ്മ പദ്ധതിയിലൂടെ കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

കൈത്തറി ഉല്‍പ്പാദനം കുത്തനെ വര്‍ധിപ്പിക്കുന്നതിനൊപ്പം ഉല്‍പ്പന്നങ്ങളുടെ ഗുണമേന്മ കൂട്ടാനുളള നടപടികളും എട്ട് അംഗ വിദഗ്ധ സമിതി നിര്‍ദ്ദേശിക്കും.

Top