ഡീപ് ഫേക്ക് വീഡിയോകൾക്ക് പൂട്ടിടാൻ കേന്ദ്രം;തടയാൻ നിയമം കൊണ്ടുവരും

ഡീപ് ഫേക്ക് വീഡിയോകളും സോഷ്യൽ മീഡിയ വഴിയുള്ള വ്യാജ പ്രചരണവും സമൂഹത്തിന് ആപത്താണെന്ന് ഐടി മന്ത്രി അശ്വിനി വൈഷ്ണവ്. ഇവയ്ക്കെതിരെ കർശനവും അടിയന്തിരവുമായ നടപടി സ്വീകരിക്കും. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളെ കൂടുതൽ ഉത്തരവാദിത്തമുള്ളതാക്കാൻ നിയമം കൊണ്ടുവരുമെന്നും അദ്ദേഹം രാജ്യസഭയെ അറിയിച്ചു.

ഡീപ് ഫേക്ക് വീഡിയോകൾ ഉയർത്തുന്ന ഭീഷണി വർധിച്ചുവരുന്നു. കർശനവും അടിയന്തിരവുമായ നടപടി സ്വീകരിക്കേണ്ടതായുണ്ട്. ഇത്തരം വീഡിയോകളുടെ പ്രചാരണം തടയാൻ സർക്കാർ നിയമ ഭേദഗതികൾ കൊണ്ടുവരും. നിയമത്തിൽ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾക്ക് കൂടുതൽ ഉത്തരവാദിത്തം ഏർപ്പെടുത്തുന്ന വ്യവസ്ഥകൾ ഉൾപ്പെടുത്തും. ഇതിലൂടെ ഡീപ് ഫേക്ക് വീഡിയോകൾ നേരത്തെ കണ്ടെത്താനും നീക്കം ചെയ്യാനും കഴിയുമെന്ന് മന്ത്രി പറഞ്ഞു.

മിക്ക സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളും ഇതിനകം തന്നെ ഡീപ് ഫേക്കിനെതിരെ നടപടികൾ ആരംഭിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയ ഉള്ളടക്കം കൂടുതൽ ഉത്തരവാദിത്തമുള്ളവയാക്കാൻ അംഗങ്ങൾക്ക് നിർദേശം നൽകാമെന്നും ചോദ്യോത്തര വേളയിൽ അദ്ദേഹം മറുപടി നൽകി.

Top