ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരങ്ങള്‍ക്ക് യാത്രാ ഇളവ് ആവശ്യപ്പെട്ട് കേന്ദ്രം

ദില്ലി: കൊവിഡ് പശ്ചാത്തലത്തില്‍ മലേഷ്യയിലേക്കുള്ള യാത്രാ വിലക്കില്‍ ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരങ്ങള്‍ക്ക് ഇളവ് നല്‍കണമെന്നാവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍. കായിക മന്ത്രാലയത്തിന് വേണ്ടി വിദേശകാര്യ വകുപ്പാണ് മലേഷ്യന്‍ സര്‍ക്കാരിനോട് ഇളവ് ആവശ്യപ്പെട്ടത്.

ഈ മാസം 25 മുതല്‍ 30 വരെ നടക്കുന്ന മലേഷ്യന്‍ ഓപ്പണില്‍ കളിക്കാന്‍ താരങ്ങള്‍ക്ക് അവസരം നല്‍കണമെന്നാണ് ഇന്ത്യയുടെ ആവശ്യം. ടോക്യോ ഒളിംപിക്സിന് യോഗ്യത നേടാനുള്ള അവസാന ടൂര്‍ണമെന്റുകളില്‍ ഒന്നാണ് മലേഷ്യന്‍ ഓപ്പണ്‍. ജൂണ്‍ 15ന് മുന്‍പാണ് ബാഡ്മിന്റണ്‍ താരങ്ങള്‍ ഒളിംപിക്‌സിന് യോഗ്യത നേടേണ്ടത്.

മുന്‍നിര താരങ്ങളായ പി വി സിന്ധു, സൈന നേവാള്‍, കെ ശ്രീകാന്ത്, സായ് പ്രണീത്, സാത്വിക് സായ്‌രാജ്, ചിരാഗ് ഷെട്ടി, അശ്വിനി പൊന്നപ്പ, സിക്കി റെഡ്ഡി തുടങ്ങിയവരെല്ലാം മലേഷ്യന്‍ ഓപ്പണിലൂടെ ഒളിംപിക് യോഗ്യത നേടാമെന്ന പ്രതീക്ഷയിലാണ്.

ഇതിന് ശേഷം ജൂണ്‍ ഒന്നിന് തുടങ്ങുന്ന സിംഗപ്പൂര്‍ ഓപ്പണിലും ഇന്ത്യന്‍ താരങ്ങള്‍ കളിക്കും. കഴിഞ്ഞ മാസം നടക്കേണ്ടിയിരുന്ന ഇന്ത്യഓപ്പണ്‍ മാറ്റിവച്ചതും താരങ്ങള്‍ക്ക് തിരിച്ചടിയായിരുന്നു.

 

Top