12നും 14നുമിടയില്‍ പ്രായമുള്ള കുട്ടികള്‍ക്ക് വാക്‌സീന്‍ മാര്‍ച്ച് മുതല്‍ ആരംഭിക്കുമെന്ന് കേന്ദ്രം

ന്യൂഡല്‍ഹി: കൊവിഡിനെതിരായ വാക്‌സീനേഷനിലെ അടുത്ത പടിയായി പന്ത്രണ്ട് വയസ്സിന് മുകളിലുള്ള കുട്ടികളിലും കുത്തിവെപ്പ് തുടങ്ങാന്‍ ഒരുങ്ങുകയാണ് രാജ്യം. പന്ത്രണ്ടിനും പതിനാലിനുമിടയില്‍ പ്രായമുള്ള കുട്ടികള്‍ക്ക് മാര്‍ച്ച് മുതല്‍ വാക്‌സീന്‍ നല്‍കി തുടങ്ങുമെന്ന് കേന്ദ്രം അറിയിച്ചു.

പതിനഞ്ച് വയസിന് മുകളിലുള്ള കൌമാരക്കാരിലെ വാക്‌സീനേഷന്‍ ഫെബ്രുവരിയോടെ പൂര്‍ത്തിയാക്കുമെന്നും വാക്‌സീനേഷന്‍ ഉപദേശക സമിതി തലവന്‍ ഡോ.എന്‍.കെ. അറോറ വ്യക്തമാക്കി.

പതിതിനഞ്ചിനും പതിനെട്ടിനുമിടയിലുള്ള മൂന്ന് കോടി മുപ്പത്തിയൊന്ന് ലക്ഷം പേര്‍ ഇതുവരെ ആദ്യ ഡോസ് വാക്‌സീന്‍ സ്വീകരിച്ചു. ഈ വിഭാഗത്തില്‍ രാജ്യത്ത് ആകെയുള്ളത് ഏഴ് കോടി പേരാണ്. മുഴുവന്‍ പേരുടെയും ആദ്യ ഡോസ് വാക്‌സീനേഷന്‍ ജനുവരി അവസാനത്തോടെ പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണ് കേന്ദ്രത്തിന്റെ പ്രതീക്ഷ.

ഫെബ്രുവരിയില്‍ തന്നെ രണ്ടാമത്തെ ഡോസ് നല്‍കി തുടങ്ങും. അത് പൂര്‍ത്തിയാകുന്നതോടെ 12 നും 14നും ഇടയിലുള്ള കുട്ടികളിലെ വാക്‌സീനേഷന്‍ തുടങ്ങുമെന്നും വാക്‌സീനേഷനുള്ള ദേശീയ ഉപദേശക സമിതിയായ എന്‍.ടി.എ.ജി.ഐ തലവന്‍ ഡോ എന്‍.കെ അറോറ പറഞ്ഞു. പതിനെട്ട് വയസിന് മുകളിലുള്ള 70 ശതമാനം പേരും വാക്‌സീന്റെ ആദ്യ ഡോസ് സ്വീകരിച്ചു.

Top