പെഗാസസ് നിര്‍മാതാക്കളായ എന്‍.എസ്.ഒ ഗ്രൂപ്പിനെ നിരോധിക്കാന്‍ ആലോചനയില്ലെന്ന് കേന്ദ്രം

ന്യൂഡല്‍ഹി: വിവാദ ഇസ്രായേലി ചാര സോഫ്റ്റ്‌വെയര്‍ പെഗാസസ് നിര്‍മാതാക്കളായ എന്‍.എസ്.ഒ ഗ്രൂപ്പിനെ നിരോധിക്കാന്‍ ആലോചനയില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. രാജ്യസഭയില്‍ ഒരു ചോദ്യത്തിന് മറുപടിയായി ഇലക്ട്രോണിക്‌സ് ആന്‍ഡ് ഐ.ടി മന്ത്രി രാജീവ് ചന്ദ്രശേഖറാണ് ഇക്കാര്യം വ്യക്തമാക്കിയത്.

പെഗാസസ് ചാര സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് വ്യക്തികളുടെ വിവരങ്ങള്‍ ചോര്‍ത്തിയെന്ന ആരോപണം നേരിടുന്ന എന്‍.എസ്.ഒ ഗ്രൂപ്പിനെ അമേരിക്ക കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയ പശ്ചാത്തലത്തില്‍ കേന്ദ്രസര്‍ക്കാര്‍ അത്തരമൊരു തീരുമാനമെടുത്തിട്ടുണ്ടെന്നോയെന്ന ചോദ്യത്തിനുള്ള മറുപടി ആയിട്ടാണ് മന്ത്രിയുടെ മറുപടി.

സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, പത്രപ്രവര്‍ത്തകര്‍ തുടങ്ങിയവരില്‍ ചാരവൃത്തി നടത്താന്‍ വിദേശ സര്‍ക്കാരുകള്‍ക്ക് സോഫ്റ്റ്‌വെയര്‍ വില്പന നടത്തിയെന്ന് ആരോപിച്ചാണ് കമ്പനികളെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. റഷ്യയിലെ പോസിറ്റീവ് ടെക്‌നോളജീസ്, സിംഗപ്പൂരിലെ കമ്പ്യൂട്ടര്‍ സെക്യൂരിറ്റി ഇനിഷ്യേറ്റിവ് എന്നീ കമ്പനികളെയും കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

കരിമ്പട്ടികയില്‍ ഉള്‍പെടുത്തിയതോടെ ഈ കമ്പനിയിലേക്കുള്ള അമേരിക്കയില്‍നിന്നുള്ള കയറ്റുമതി നിയന്ത്രിക്കപ്പെടും. ഏകാധിപത്യ ഭരണകൂടങ്ങള്‍ക്ക് ഹാക്കിങ് ഉപകരണങ്ങള്‍ വില്‍ക്കുന്നതിന് പേരുകേട്ട കമ്പനികളാണ് എന്‍.എസ്.ഒയും കാണ്ടിരുവും. എന്നാല്‍ തങ്ങള്‍ നിയമ പാലന, രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് മാത്രമാണ് തങ്ങളുടെ ഉത്പന്നങ്ങള്‍ വിളിക്കുന്നതെന്ന് എന്‍.എസ്.ഒ പറയുന്നു.

Top