കേരളത്തില്‍ കൊവിഡ് നിരക്ക് കുറയുന്നതായി കേന്ദ്രം

ന്യൂഡല്‍ഹി: രാജ്യത്തെ ആകെ കൊവിഡ് കേസുകളുടെ 52 ശതമാനവും കേരളത്തിലെന്ന് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം. കൊവിഡ് അവലോകനയോഗത്തിന് ശേഷമുള്ള വാര്‍ത്താസമ്മേളനത്തിലാണ് കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്‍ ഇക്കാര്യം അറിയിച്ചത്. അതേസമയം, സംസ്ഥാനത്തെ കൊവിഡ് കേസുകളുടെ എണ്ണം ദിനംപ്രതി കുറയുന്നതായും രാജേഷ് ഭൂഷണ്‍ ചൂണ്ടിക്കാട്ടി.

1,44,000 സജീവ കേസുകളാണ് കേരളത്തിലുള്ളത്. ഇത് രാജ്യത്തെ ആകെ സജീവ കേസുകളുടെ 52 ശതമാനമാണ്. കേരളത്തിന് പിന്നില്‍ മഹാരാഷ്ട്രയില്‍ 40,000, തമിഴ്‌നാട്ടില്‍ 17,000, മിസോറാമില്‍ 16,800, കര്‍ണാടകയില്‍ 12,000, ആന്ധ്രയില്‍ 11,000 എന്നിങ്ങനെയാണ് രാജ്യത്ത് ഏറ്റവും കൂടുതല്‍ സജീവ കേസുകളുള്ള സംസ്ഥാനങ്ങള്‍.

പ്രതിദിന രോഗികളുടെ എണ്ണത്തേക്കാള്‍ അധികം പേര്‍ രോഗമുക്തരാകുന്നത് ആശ്വാസകരമാണെന്നും രാജേഷ് ഭൂഷണ്‍ പറഞ്ഞു. ദേശീയ രോഗമുക്തി നിരക്ക് ഏകദേശം 98 ശതമാനമാണെന്നാണ് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ കണക്ക്.

അതേസമയം, ടെസ്റ്റുകളുടെ എണ്ണം കുറച്ചിട്ടില്ലെന്നും ആരോഗ്യ സെക്രട്ടറി പറഞ്ഞു. പ്രതിദിനം 15 ലക്ഷത്തിനും 16 ലക്ഷത്തിനും ഇടയില്‍ ടെസ്റ്റുകള്‍ നടത്തുന്നുണ്ട്. എന്നാല്‍ പോസിറ്റിവിറ്റി നിരക്ക് കുറയുകയാണ്. തുടര്‍ച്ചയായി 13 ാമത്തെ ആഴ്ചയാണ് പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 3 ശതമാനത്തില്‍ താഴെയാകുന്നത്. രാജ്യത്തെ 18 ജില്ലകള്‍ പ്രതിവാര പോസിറ്റിവിറ്റി 5 മുതല്‍ 10 ശതമാനം വരെയാണ്. ഈ നിരക്ക് ഇനിയും കുറയ്ക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും സംസ്ഥാന സര്‍ക്കാരുകളും ഇതേ ലക്ഷ്യത്തോടെ മുന്നോട്ടുപോകണമെന്നും അദ്ദേഹം പറഞ്ഞു.

Top