ന്യൂഡല്‍ഹി: ഇന്ത്യ-ചൈന തര്‍ക്കമുണ്ടായ ലഡാക്കിലെ പാങ്കോംഗ് ത്സൊ തടാകത്തില്‍ നിര്‍മ്മിച്ച പാലം അനധികൃതമായി ചൈന കൈയേറിയ സ്ഥലത്തെന്ന് കേന്ദ്ര സര്‍ക്കാര്‍. ലോക്സഭയിലെ ചോദ്യത്തിന് മറുപടിയായാണ് കേന്ദ്ര സര്‍ക്കാര്‍ ഈ വിവരം അറിയിച്ചത്.
1962ല്‍ ചൈന അനധികൃതമായി കൈയേറി കൈക്കലാക്കിയ സ്ഥലത്താണ് പുതിയ പാലം. കേന്ദ്ര സര്‍ക്കാര്‍ ചൈനയുടെ കൈയേറ്റത്തെ ഒരിക്കലും അംഗീകരിച്ചിട്ടില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. കേന്ദ്ര ഭരണപ്രദേശങ്ങളായ ജമ്മു കാശ്മീരും ലഡാക്കും ഇന്ത്യയുടെ അവിഭാജ്യ ഘടകങ്ങളാണെന്ന് മുന്‍പും വ്യക്തമാക്കിയിട്ടുണ്ടെന്ന് സര്‍ക്കാര്‍ അറിയിച്ചു. മറ്റ് രാജ്യങ്ങള്‍ ഇന്ത്യയുടെ പരമാധികാരവും അഖണ്ഡതയും അംഗീകരിക്കണമെന്നും കേന്ദ്രം ആവശ്യപ്പെട്ടു. കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരനാണ് ഇക്കാര്യം സഭയില്‍ അറിയിച്ചത്.
ചൈനയും ഇന്ത്യയും തമ്മില്‍ ഉദ്യോഗസ്ഥസൈനിക തലത്തില്‍ യഥാര്‍ത്ഥ നിയന്ത്രണ രേഖയില്‍ നിന്നും സൈന്യത്തെ പിന്‍വലിക്കുന്ന കാര്യത്തില്‍ ചര്‍ച്ചകള്‍ തുടരുകയാണ്. സാറ്റലൈറ്റ് ചിത്രങ്ങളിലൂടെയാണ് ചൈന അനധികൃതമായി പാലം നിര്‍മ്മിച്ച വിവരം ലോകമാകെ അറിഞ്ഞത്. യഥാര്‍ത്ഥ നിയന്ത്രണ രേഖയിലേക്ക് അതിവേഗം സൈനിക വിന്യാസം സാദ്ധ്യമാക്കാനാണ് ചൈന പാലം നിര്‍മ്മിച്ചതെന്നാണ് വിവരം.