മുന്‍ ബംഗാള്‍ ചീഫ് സെക്രട്ടറിക്കെതിരെ നടപടിക്ക് ഒരുങ്ങി കേന്ദ്രം

ന്യൂഡല്‍ഹി: കഴിഞ്ഞ ദിവസം രാജിവെച്ച ബംഗാള്‍ ചീഫ് സെക്രട്ടറി ആലാപന്‍ ബന്ദോപാധ്യായക്കെതിരെ നടപടിക്ക് ഒരുങ്ങി കേന്ദ്രം സര്‍ക്കാര്‍. ദുരന്തനിവാരണ നിയമപ്രകാരമുള്ള നടപടി നല്‍കാനായിരിക്കും സര്‍ക്കാറിന്റെ നീക്കം.

തിങ്കളാഴ്ച കേന്ദ്ര ആഭ്യന്തരമന്ത്രാലം കാരണം കാണിക്കല്‍ നോട്ടിസ് നല്‍കിയത് ദുരന്തനിവാരണ നിയമം വകുപ്പ് 51 പ്രകാരം. ദുരന്തനിവാരണവുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാരിന്റെയോ, ദേശീയ നിര്‍വാഹക സമിതിയുടെയോ ഭാഗമായി നല്‍കുന്ന നിര്‍ദേശം വ്യക്തമായ കാരണില്ലാതെ പാലിക്കാതിരിക്കുന്നയാള്‍ക്ക് ശിക്ഷ ഉറപ്പാക്കുന്ന നിയമമാണ് വകുപ്പ് 51.

യാസ് ചുഴലിക്കാറ്റ് വരുത്തിയ നാശനഷ്ടങ്ങളുടെ വിവരം നല്‍കിയില്ല, പ്രധാനമന്ത്രി വിളിച്ചുചേര്‍ത്ത അവലോകന യോഗത്തില്‍ പങ്കെടുത്തില്ല എന്നീ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് കേന്ദ്ര സര്‍ക്കാര്‍ നടപടിക്കൊരുങ്ങുന്നത്. ദുരന്തനിവാരണ നിയമപ്രകാരമുള്ള നടപടിയെടുക്കാതിരിക്കാന്‍ തക്ക കാരണമുണ്ടെങ്കില്‍ വ്യക്തമാക്കണമെന്ന് കാട്ടി ആലാപന്‍ ബന്ദോപാധ്യായക്ക് നോട്ടീസ് നല്‍കിയിരിക്കുകയാണ്.

പ്രധാനമന്ത്രി വിളിച്ച നിര്‍ണായക യോഗത്തില്‍നിന്ന് വിട്ടുനിന്നതിനെപ്പറ്റി മൂന്നു ദിവസത്തിനകം വിശദീകരണം നല്‍കണമെന്ന് നോട്ടിസില്‍ പറയുന്നു. വ്യാഴാഴ്ച സമയപരിധി അവസാനിക്കും. മറുപടി തൃപ്തികരമല്ലെങ്കില്‍ തുടര്‍ നടപടിയിലേക്ക് കടന്നേക്കാമെന്ന് ബന്ധപ്പെട്ട അധികൃതര്‍ പറഞ്ഞു.

ഒരു വര്‍ഷം വരെ തടവോ പിഴയോ ലഭിക്കാവുന്ന കുറ്റമാണ് ഇദ്ദേഹത്തിനെതിരെ ആരോപിക്കുന്നത്. അതേസമയം, ആലാപന്‍ ബന്ദോപാധ്യായക്കെതിരെയുള്ള ഏതൊരു നടപടിയെയും പ്രതിരോധിക്കുമെന്ന ഉറച്ച നിലപാടിലാണ് മമത ബാനര്‍ജി. മമതാ ബാനര്‍ജിയുടെ വിശ്വസ്തനായ ആലാപന്‍ ബന്ദോപാധ്യായയെ രാജിവെച്ചയുടന്‍ മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവായി നിയമിച്ചിരുന്നു.

Top