കേന്ദ്രസര്‍വീസുകളില്‍ നിര്‍ബന്ധിത വിരമിക്കല്‍; ജോലിയില്‍ മോശമായ ജീവനക്കാരെ പിരിച്ചുവിടുന്നു

ന്യൂഡല്‍ഹി: കേന്ദ്രസര്‍വീസുകളില്‍ നിര്‍ബന്ധിത വിരമിക്കല്‍ നടപ്പാക്കാനൊരുങ്ങി മോദിസര്‍ക്കാര്‍. 55 വയസ്സു പൂര്‍ത്തിയായവരും പ്രകടനം മോശമായവരുമായ ജീവനക്കാര്‍ക്കു നിര്‍ബന്ധിത വിരമിക്കല്‍ ഏര്‍പ്പെടുത്തുന്നതിന്റെ ഭാഗമായി ഓരോ മാസവും പട്ടിക സമര്‍പ്പിക്കണമെന്നാണു മന്ത്രാലയം സെക്രട്ടറിമാര്‍ക്ക് കേന്ദ്ര പെഴ്സനെല്‍ മന്ത്രലയത്തിന്റെ നിര്‍ദേശം.

ജൂണ്‍ 20-നു പുറപ്പെടുവിച്ച ഉത്തരവനുസരിച്ച് ഈ മാസം മുതല്‍ റിപ്പോര്‍ട്ടുകള്‍ ശേഖരിച്ചു തുടങ്ങി.മന്ത്രാലയങ്ങള്‍ക്കു പുറമേ, പൊതുമേഖലാ സ്ഥാപനങ്ങളും ഇത്തരത്തില്‍ റിപ്പോര്‍ട്ട് നല്‍കണമെന്നാണു നിര്‍ദേശം. മാനസിക-ശാരീരിക്ഷക്ഷമത, ഹാജര്‍നില, കൃത്യനിഷ്ഠത തുടങ്ങിയ വിലയിരുത്തിയാവും നിര്‍ബന്ധിതവിരമിക്കല്‍ നടപ്പാക്കുക.

അടുത്തവര്‍ഷം ആദ്യപാദത്തില്‍ 55 വയസ്സോ സര്‍വീസില്‍ മുപ്പതു വര്‍ഷമോ പൂര്‍ത്തിയാക്കിയവരുടെ പട്ടിക നല്‍കാനാണു നിര്‍ദേശം. മികച്ചതും മോശവുമായ പ്രകടനം നടത്തുന്നവരുടെ പട്ടിക സമര്‍പ്പിക്കണം. ജൂലായ് മുതല്‍ എല്ലാ മാസവും പതിനഞ്ചു ദിവസത്തിനിടെ ഈ വിലയിരുത്തല്‍ പട്ടിക നല്‍കിയിരിക്കണം. പൊതുതാത്പര്യം കണക്കിലെടുത്തു ജീവനക്കാരുടെ മുന്‍കൂര്‍ വിരമിക്കല്‍ സംബന്ധിച്ചു അഭിപ്രായസ്വരൂപണത്തിനുള്ള നടപടികളെടുക്കണം -ഉത്തരവില്‍ പറയുന്നു.

Top