ലോക്ക്ഡൗണില്‍ നികുതിദായകര്‍ക്ക് 62,361 കോടി രൂപ തിരികെ നല്‍കിയെന്ന് കേന്ദ്രം

ന്യൂഡല്‍ഹി: രാജ്യത്തെ ലോക്ക്ഡൗണ്‍ കാലയളവില്‍ ആദായ നികുതി വകുപ്പ് നികുതിദായകര്‍ക്ക് 62,361 കോടി രൂപ തിരികെ നല്‍കിയെന്ന് കേന്ദ്രം. 20 ലക്ഷത്തിലേറെ നികുതി ദായകര്‍ക്കാണ് തങ്ങള്‍ക്കവകാശപ്പെട്ട പണം തിരികെ ലഭിച്ചതെന്നാണ് കേന്ദ്രത്തിന്റെ അവകാശവാദം. വ്യക്തിഗത നികുതിയും കോര്‍പ്പറേറ്റ് നികുതിയും റീഫണ്ട് ചെയ്തതിന്റെ ആകെ കണക്കാണ് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്‌സ് പുറത്തുവിട്ടിരിക്കുന്നത്.

ഇത് പ്രകാരം 19 ലക്ഷം വ്യക്തിഗത നികുതി ദായകര്‍ക്ക് 23453.6 കോടി രൂപയാണ് തിരികെ നല്‍കിയത്. 1,36,744 കേസുകളില്‍ 38908.4 കോടി രൂപയുടെ കോര്‍പ്പറേറ്റ് നികുതിയും തിരികെ നല്‍കി.

മുന്‍വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി നികുതി ദായകര്‍ക്ക് പണം നേരിട്ട് ബാങ്ക് അക്കൗണ്ടുകളില്‍ വിതരണം ചെയ്തു. ടാക്‌സ് അതോറിറ്റിയില്‍ നിന്ന് ലഭിക്കുന്ന ഇമെയിലിന് നികുതി ദായകര്‍ ഉടന്‍ തന്നെ പ്രതികരിക്കണമെന്ന് സിബിഡിടി ആവശ്യപ്പെട്ടു. കൊവിഡിനെ തുടര്‍ന്നുള്ള സാമ്പത്തിക തിരിച്ചടി മറികടക്കാന്‍ സര്‍ക്കാര്‍ ടാക്‌സ് റിട്ടേണ്‍ അടക്കം ഫയല്‍ ചെയ്യേണ്ട അവസാന തീയ്യതികള്‍ നീട്ടിയിരുന്നു.

Top