കേന്ദ്രം ഇപ്പോള്‍ നല്‍കിയിരിക്കുന്നത് താല്‍ക്കാലിക സഹായം : അല്‍ഫോണ്‍സ് കണ്ണന്താനം

തിരുവനന്തപുരം : പ്രളയക്കെടുതിയില്‍ ദുരിതമനുഭവിക്കുന്ന കേരളത്തിന് കൂടുതല്‍ സാമ്പത്തിക സഹായം നല്‍കുമെന്ന് കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. ഇപ്പോള്‍ കേരളത്തിന് നല്‍കിയിരിക്കുന്നത് താല്‍ക്കാലിക സഹായം മാത്രമാണ്, മെമ്മൊറാണ്ടം കൊടുക്കുന്നതനുസരിച്ച് കേന്ദ്ര സംഘത്തെ അയക്കും. സംഘം നല്‍കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും കൂടുതല്‍ തുക അനുവദിക്കുകയെന്നും കണ്ണന്താനം അറിയിച്ചു.

കേന്ദ്ര സംഘം വന്ന് നാശനഷ്ടങ്ങള്‍ വിലയിരുത്തി ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള പുനരധിവാസം അടക്കമുള്ള പദ്ധതികള്‍ക്ക് പണം ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

ചോദിക്കുന്ന കാര്യങ്ങളെല്ലാം കേന്ദ്രം നല്‍കുന്നുണ്ട്. പ്രളയത്തിന്റെ സമയത്ത് എല്ലാ ദിവസവും പ്രധാനമന്ത്രി മുഖ്യമന്ത്രിയെ വിളിച്ചിരുന്നു. മുഖ്യമന്ത്രി സൈന്യത്തെ ആവശ്യപ്പെട്ടു, ആവശ്യപ്പെട്ടതില്‍ കൂടുതല്‍ സൈന്യത്തെ കേന്ദ്രം നല്‍കി. പ്രധാനമന്ത്രി പ്രളയക്കെടുതിയുണ്ടായ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചു. ആവശ്യത്തില്‍ കൂടുതല്‍ പണം ഇപ്പോള്‍ നമ്മുടെ കൈയ്യിലുണ്ട്. അത്യാവശ്യമായി ചെയ്യേണ്ട കാര്യത്തിനാണ് ഇപ്പോള്‍ പണം കൊടുത്തിരിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

Top