രാജ്യത്തെ വാഹനങ്ങളുടെ പുകപരിശോധനാ സര്‍ട്ടിഫിക്കറ്റുകള്‍ ഏകീകരിക്കാനുള്ള നീക്കവുമായി കേന്ദ്രം

ദില്ലി: രാജ്യത്തെ വാഹനങ്ങളുടെ പുകപരിശോധനാ സര്‍ട്ടിഫിക്കറ്റുകള്‍ (പിയുസി) ഏകീകരിക്കാനുള്ള നീക്കവുമായി കേന്ദ്ര സര്‍ക്കാര്‍. ഇതുസംബന്ധിച്ച് കേന്ദ്ര ഗതാഗതമന്ത്രാലയം വിജ്ഞാപനം പുറത്തിറക്കിയതായി പ്രമുഖ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. പിയുസി ഡേറ്റാബേസിനെ ദേശീയ രജിസ്റ്ററുമായി ബന്ധിപ്പിക്കുമെന്നും വിജ്ഞാപനത്തില്‍ വ്യക്തമാക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

1989ലെ കേന്ദ്ര മോട്ടോര്‍ വാഹന നിയമത്തിലെ ഭേദഗതി പ്രകാരം പിയുസി ഫോമില്‍ ഒരു ക്യൂആര്‍ കോഡ് പ്രിന്റ് ചെയ്തിരിക്കും. അതില്‍ വാഹനത്തിന്റെയും വാഹന ഉടമയുടെയും വാഹനം പുറന്തള്ളുന്ന പുകയുടെയും എല്ലാ വിവരങ്ങളും ഉള്‍പ്പെടുത്തിയിരിക്കും. അതേസമയം വണ്ടി ഉടമയുടെ ഫോണ്‍നമ്പര്‍, വിലാസം, വാഹനത്തിന്റെ എന്‍ജിന്‍ നമ്പര്‍, ഷാസി നമ്പര്‍ എന്നിവ രഹസ്യമായിരിക്കും.

എന്‍ജിന്‍, ഷാസി നമ്പറുകളുടെ അവസാനത്തെ നാലക്കങ്ങള്‍ മാത്രമേ പരസ്യമാക്കൂ എന്നും പുതിയ വിജ്ഞാപനം വ്യക്തമാക്കുന്നു. സര്‍ട്ടിഫിക്കറ്റിലെ വിവരങ്ങളും പരിശോധനാ നിരക്കും ഉടമയുടെ മൊബൈല്‍ നമ്പറിലേക്ക് എസ്എംഎസായി ലഭിക്കുന്നതിനും സംവിധാനം ഒരുക്കും.

പുകമലിനീകരണ മാനദണ്ഡങ്ങള്‍ പാലിക്കാത്ത വാഹനങ്ങള്‍ക്ക് റിജക്ഷന്‍ സ്ലിപ് നല്‍കാനും നീക്കമുണ്ട്. അനുവദനീയമായതിനേക്കാള്‍ കൂടുതല്‍ അളവില്‍ പുക പുറന്തള്ളുന്നെന്നാണ് സര്‍ട്ടിഫിക്കറ്റില്‍ രേഖപ്പെടുത്തുന്നതെങ്കില്‍ വാഹനം പുറത്തിറക്കാന്‍ യോഗ്യമല്ലെന്ന് കാണിക്കുന്ന റിജക്ഷന്‍ സ്ലിപ് വാഹന ഉടമയ്ക്ക് നല്‍കാനുമാണ് നീക്കമെന്നുമാണ് റിപ്പോര്‍ട്ടുകള്‍.

വാഹനങ്ങള്‍ മലിനീകരണമാനദണ്ഡങ്ങള്‍ പാലിക്കുന്നില്ലെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥന് തോന്നിയാല്‍ രേഖാമൂലമോ ഇലക്ട്രോണിക് സാങ്കേതികവിദ്യ ഉപയോഗിച്ചോ ഉടമയോട് ഏതെങ്കിലും അംഗീകൃത പിയുസി കേന്ദ്രങ്ങളില്‍ പരിശോധനയ്ക്ക് വിധേയമാക്കാന്‍ ആവശ്യപ്പെടാം. യഥാസമയം വാഹനം ഹാജരാക്കിയില്ലെങ്കില്‍ വാഹന ഉടമയില്‍നിന്നു പിഴ ഈടാക്കാനും നിര്‍ദേശമുണ്ട്.

വാഹനം എത്തിക്കാതിരിക്കുകയോ പരിശോധനയില്‍ പരാജയപ്പെടുകയോ ചെയ്താല്‍ വാഹന ഉടമ പിഴയൊടുക്കേണ്ടി വരും. അല്ലാത്തപക്ഷം സാധുതയുള്ള പി.യു.സി. സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതുവരെ വാഹനത്തിന്റെ രജിസ്ട്രേഷന്‍, പെര്‍മിറ്റുകള്‍ എന്നിവ റദ്ദാക്കുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍.

 

Top