നികുതി നിരക്ക് വര്‍ധിപ്പിക്കാന്‍ കേന്ദ്രം ആലോചിക്കുന്നതായി റിപ്പോര്‍ട്ട്

ദില്ലി: കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മല സീതാരാമന്റെ നേതൃത്വത്തിലുള്ള ജിഎസ്ടി സമിതി നികുതി നിരക്ക് വര്‍ധിപ്പിക്കാനുള്ള ആലോചനകളിലാണെന്ന് ഉന്നത സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് വിവിധ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഡിസംബറില്‍ ഈ സമിതി യോഗം ചേര്‍ന്ന് ഇക്കാര്യത്തില്‍ തീരുമാനത്തിലെത്തും. നിലവില്‍ അഞ്ച്, 12, 18, 28 എന്നിങ്ങനെയുള്ള നികുതി നിരക്ക് ഘടന. ഇതിലെ ഏറ്റവും കുറഞ്ഞ നിരക്കുകളായ 5, 12 എന്നിവ വര്‍ധിപ്പിക്കാനാണ് തീരുമാനം. അഞ്ച് ശതമാനം എന്നത് ആറാക്കാനും 12 എന്നത് 13 ആക്കാനുമാണ് ആലോചന.

അടുത്ത മാസം അവസാനത്തോടെ ഇത് സംബന്ധിച്ചുള്ള ശുപാര്‍ശ സമിതിയുടെ പരിഗണനയ്ക്ക് സമര്‍പ്പിക്കുമെന്നാണ് വിവരം. എന്നാല്‍ കേന്ദ്രസര്‍ക്കാരില്‍ നിന്ന് ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രതികരണം ഉണ്ടായിട്ടില്ല. അടുത്ത വര്‍ഷം ആദ്യം വിവിധ സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഇത്തരമൊരു തീരുമാനത്തിലേക്ക് കേന്ദ്രസര്‍ക്കാര്‍ പോകുമോയെന്ന് കാത്തിരുന്ന് കാണണം.

ഇന്ധന വിലയിലെ വര്‍ധന കൊണ്ട് പൊറുതിമുട്ടിയിരിക്കുകയാണ് ജനം. ഈ ഘട്ടത്തില്‍ നികുതി ഘടനയില്‍ മാറ്റം വരുത്തുന്നതും ഉല്‍പ്പന്നങ്ങള്‍ക്കും സേവനങ്ങള്‍ക്കും വില വര്‍ധിപ്പിക്കുന്നതും ജനത്തിന് ഇരട്ടി ബാധ്യതയാകും. അതേസമയം കൊവിഡിന്റെ സാമ്പത്തിക ബാധ്യത സംസ്ഥാനങ്ങള്‍ക്കും കേന്ദ്രസര്‍ക്കാരിനും വലിയ വരുമാന നഷ്ടം ഉണ്ടാക്കിയിട്ടുണ്ട്. ചെലവുകള്‍ ഭാരിച്ചിരിക്കുന്നതിനാല്‍ റവന്യൂ കമ്മി മറികടക്കാന്‍ വരുമാനം വര്‍ധിപ്പിച്ചേ മതിയാകൂ എന്ന നിലയിലാണ് സര്‍ക്കാരുകള്‍.

Top