രാജ്യത്ത് ഫെബ്രുവരി പകുതിയോടെ കൊവിഡ് വ്യാപനം കുറയുമെന്ന് കേന്ദ്രം

ന്യൂഡല്‍ഹി: ഫെബ്രുവരി പതിനഞ്ചോടെ ഇന്ത്യയില്‍ കോവിഡ് കേസുകള്‍ കുറയുമെന്ന് ആരോഗ്യ മന്ത്രാലയം. മൂന്നാം തരംഗത്തിന്റെ തീവ്രത വാക്‌സിനേഷന്‍ കുറച്ചു. 18 വയസിന് മുകളിലുള്ള 74 ശതമാനം ആളുകളും രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചു. 15-18 പ്രായമുള്ള കുട്ടികളില്‍ 52 ശതമാനം പേര്‍ക്ക് ആദ്യ ഡോസ് വാക്‌സിന്‍ നല്‍കിയെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

3,06,064 പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത്. 20.75 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 439 മരണവും സ്ഥിരീകരിച്ചു. നിലവില്‍ രോഗമുക്തി നിരക്ക് 93.07 ശതമാനമാണ്. 22,49,335 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്.

കോവിഡിന്റെ വകഭേദമായ ഒമിക്രോണ്‍ ഇന്ത്യയില്‍ സമൂഹ വ്യാപന ഘട്ടത്തിലാണെന്ന് ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള സമിതിയായ ഇന്‍സാകോഗിന്റെ ഏറ്റവും പുതിയ ബുള്ളറ്റിനില്‍ പറഞ്ഞു. പുതിയ കേസുകള്‍ ക്രമാതീതമായി വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണെന്നും മെട്രോകളില്‍ കൂടുതല്‍ വ്യാപനം ഉണ്ടെന്നും വിവിധ വകഭേദങ്ങള്‍ ട്രാക്ക് ചെയ്യുന്ന ദേശീയ ലബോറട്ടറികളുടെ കണ്‍സോര്‍ഷ്യം വ്യക്തമാക്കി.

ഒമിക്രോണിന്റെ സാംക്രമിക ഉപവകഭേദമായ ബിഎ.2 ലീനേജ് രാജ്യത്ത് ഗണ്യമായി കണ്ടെത്തിയിട്ടുണ്ടെന്നും ബുള്ളറ്റിനിന്‍ പറയുന്നു. ഇതുവരെയുള്ള മിക്ക ഒമിക്രോണ്‍ കേസുകളും രോഗലക്ഷണങ്ങള്‍ ഇല്ലാത്തതോ ഗുരുതരമല്ലാത്തതോ ആണ്. അതേസമയം ആശുപത്രി പ്രവേശനങ്ങളും ഐസിയു കേസുകളും വര്‍ദ്ധിച്ചിട്ടുണ്ടെന്നും കോവിഡ് ഭീതി തുടരുകയാണെന്നും ബുള്ളറ്റിനില്‍ പറയുന്നു.

Top