ചെറുകിട സമ്പാദ്യ പദ്ധതികൾക്ക് പാൻ കാർഡും ആധാറും കേന്ദ്രം നിർബന്ധമാക്കി

ബ്ലിക് പ്രൊവിഡന്റ് ഫണ്ട് (പിപിഎഫ്) സുകന്യ സമൃദ്ധി യോജന (എസ്എസ്വൈ), പോസ്റ്റ് ഓഫീസ് സേവിംഗ് സ്‌കീം, സീനിയർ സിറ്റിസൺസ് സേവിംഗ് സ്‌കീം (എസ്സിഎസ്എസ്) തുടങ്ങിയ ചെറുകിട സമ്പാദ്യ പദ്ധതികളിൽ നിക്ഷേപം നടത്തുന്നതിന് പാൻ, ആധാർ നമ്പർ നിർബന്ധമാക്കുന്നു. ഇത് സംബന്ധിച്ച് 2023 മാർച്ച് 31-ന് ധനമന്ത്രാലയം വിജ്ഞാപനം പുറപ്പെടുവിച്ചു കഴിഞ്ഞു. ചെറുകിട സമ്പാദ്യ പദ്ധതികൾക്കായുള്ള കെവൈസി യിലും മാറ്റങ്ങൾ കാണിച്ചുള്ള അറിയിപ്പ് നൽകിയിട്ടുണ്ട്. നേരത്തെ ആധാർ നമ്പർ സമർപ്പിക്കാതെ തന്നെ ചെറുകിട സമ്പാദ്യ പദ്ധതികളിൽ നിക്ഷേപം സാധ്യമായിരുന്നു. എന്നാൽ, ഇനി മുതൽ, സർക്കാർ പിന്തുണയുള്ള ചെറുകിട സമ്പാദ്യ പദ്ധതികളിൽ നിക്ഷേപം നടത്തുന്നതിന് കുറഞ്ഞത് ആധാർ എൻറോൾമെന്റ് നമ്പറെങ്കിലും സമർപ്പിക്കേണ്ടതുണ്ട്. ഒരു നിശ്ചിത പരിധിക്ക് മുകളിലുള്ള നിക്ഷേപത്തിന് പാൻ കാർഡ് നൽകണമെന്നും വിജ്ഞാപനത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.

ധനമന്ത്രാലയത്തിന്റെ പുതിയ നോട്ടിഫിക്കേഷൻ പ്രകാരം, ചെറുകിട സമ്പാദ്യ വരിക്കാർ പിപിഎഫ്, എസ്എസ്‌ഐ,എൻഎസ്ഇ,എസ് സിഎസ്എസ് പോലുള്ള ചെറുകിട സമ്പാദ്യപദ്ധതികളിൽ അക്കൗണ്ട് തുറക്കുമ്പോൾ അവരുടെ ആധാർ നമ്പർ സമർപ്പക്കേണ്ടതുണ്ട്. അങ്ങനെ നൽകാൻ കഴിയാത്തവർ 2023 സെപ്റ്റംബർ 30-നകം നിക്ഷേപകൻ ആധാർ നമ്പർ സമർപ്പിക്കണം. ആധാർ നമ്പറില്ലാതെ ഏതെങ്കിലും ചെറുകിട സമ്പാദ്യ പദ്ധതികളിൽ നിക്ഷേപം തുടങ്ങുന്ന പുതിയ വരിക്കാർ അക്കൗണ്ട് തുറന്ന് ആറ് മാസത്തിനുള്ളിൽ ആധാർ നമ്പർ നൽകണമെന്ന് വിജ്ഞാപനം വ്യക്തമാക്കുന്നു. മുൻപ് ആധാർ ഇല്ലാത്തവർക്ക് മറ്റ് സർക്കാർ തിരിച്ചറിയൽ രേഖകൾ ഉപയോഗിച്ച് അക്കൗണ്ട് തുറക്കാമായിരുന്നു.

ആധാർ നമ്പറില്ലെങ്കിൽ അതിനായി അപേക്ഷിക്കുമ്പോൾ ലഭിക്കുന്ന ആധാർ എൻറോൾമെന്റ് നമ്പർ സമർപ്പിച്ച് അക്കൗണ്ട് ഓപ്പൺ ചെയ്യാം. എന്നാൽ അക്കൗണ്ട് തുറന്ന് ആറ് മാസത്തിന് ശേഷം ആധാർ നമ്പർ നൽകിയില്ലെങ്കിൽ അക്കൗണ്ട് മരവിപ്പിക്കും. നിലവിലുള്ള വരിക്കാർക്ക്, നൽകിയിരിക്കുന്ന സമയപരിധിക്കുള്ളിൽ അവരുടെ ചെറുകിട സമ്പാദ്യ പദ്ധതികളിൽ ആധാർ നമ്പർ നൽകാൻ കഴിയാതെ വന്നാലും, 2023 ഒക്ടോബർ 1 മുതൽ അവരുടെ അക്കൗണ്ട് മരവിപ്പിക്കപ്പെടും.

സ്‌മോൾ സ്‌കീം സേവിംഗ്സ് അക്കൗണ്ടിൽ നിക്ഷേപം തുടങ്ങുമ്പോൾ പാൻ കാർഡ് കൂടെ സമർപ്പിക്കേണ്ടതുണ്ടെന്നും നോട്ടിഫിക്കേഷനിൽ പറയുന്നുണ്ട്.. അക്കൗണ്ട് തുറക്കുന്ന സമയത്ത് പാൻ നമ്പർ സമർപ്പിച്ചിട്ടില്ലെങ്കിൽ, അക്കൗണ്ട് തുറന്ന് രണ്ട് മാസത്തിനുള്ളിൽ നൽകണമെന്നാണ് നിർദ്ദേശം. അക്കൗണ്ടിലെ ബാലൻസ് അമ്പതിനായിരം രൂപയിൽ കൂടുതലായാലും, ഒരു സാമ്പത്തികവർഷത്തിൽ അക്കൗണ്ടിലെ തുക 1 ലക്ഷത്തിന് മുകളിലായാലും പാൻ കാർഡ് നൽകേണ്ടതുണ്ട്.

Top