കേരളം ഉള്‍പ്പടെ 8 സംസ്ഥാനങ്ങളിലെ കൊവിഡ് വ്യാപനം ആശങ്കയുണ്ടാക്കുന്നതായി കേന്ദ്രം

ന്യൂഡല്‍ഹി: കേരളം ഉള്‍പ്പടെ 8 സംസ്ഥാനങ്ങളില്‍ കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്നത് ആശങ്കയുണ്ടാക്കുന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം പറഞ്ഞു. കൊവിഡ് രോഗിയുമായി സമ്പര്‍ക്കത്തില്‍ വരുന്നവര്‍ പരിശോധിച്ചാലും ഇല്ലെങ്കിലും ഏഴ് ദിവസം ക്വാറന്റീനില്‍ പ്രവേശിക്കണം എന്ന് ഐസിഎംആര്‍ അറിയിച്ചു. ഹൈ റിസ്‌ക് വിഭാഗത്തില്‍ അല്ലാത്തവര്‍ പരിശോധിക്കേണ്ടതില്ല എന്ന് നേരത്തെ ഐസിഎംആര്‍ അറിയിച്ചിരുന്നു.

159 രാജ്യങ്ങളില്‍ കോവിഡ് കേസുകള്‍ ഉയരുകയാണ്. ഏഷ്യയില്‍ ഇന്ത്യ അടക്കം 36 രാജ്യങ്ങളില്‍ കൊവിഡ് വ്യാപനം കൂടുന്നു. ഇന്ത്യയില്‍ 19 സംസ്ഥാനങ്ങളില്‍ ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം പതിനായിരത്തിന് മുകളിലാണ്. 153. 80 കോടിയില്‍ അധികം ഡോസ് വാക്‌സിന്‍ ഇതുവരെ വിതരണം ചെയ്തു. രാജ്യത്ത് പ്രതിദിനം നടത്താന്‍ കഴിയുന്ന ആര്‍ടിപിസിആര്‍ പരിശോധനകള്‍ ഇരുപത് ലക്ഷത്തില്‍ അധികമാണെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

അതേസമയം, ഒമിക്രോണ്‍ സ്ഥിരീകരിക്കാന്‍ ആര്‍ ടി പി സി ആര്‍ മാതൃകയില്‍ സാങ്കേതിക വിദ്യ വരുന്നു. ഒമിക്രോണ്‍ സ്ഥിരീകരിക്കാന്‍ പുതിയ വിദ്യ വികസിപ്പിച്ചിരിക്കുകയാണ് ടാറ്റ എം ഡി. ഐസിഎംആര്‍ ഇതിന് അനുമതി നല്‍കി. ഒമിഷുവര്‍ എന്ന പേരില്‍ ആണ് ഈ പരിശോധന പുറത്തിറങ്ങുക.

Top