രാജ്യത്താകെ 164.59 കോടിയിലധികം വാക്‌സീന്‍ ഡോസുകള്‍ സംസ്ഥാനങ്ങള്‍ക്ക് കൈമാറിയെന്ന് കേന്ദ്രം

ന്യൂഡല്‍ഹി: കൊവിഡ് മൂന്നാം തരംഗം രൂക്ഷമായി തുടരുന്നതിനിടെ രാജ്യത്ത് വാക്‌സിനേഷന്‍ ഊര്‍ജിതമാക്കി. എല്ലാവര്‍ക്കും കോവിഡ് പ്രതിരോധ കുത്തിവയ്പു നല്‍കുന്നതിനുള്ള ഊര്‍ജിതമായ ശ്രമത്തിലാണ് സര്‍ക്കാരെന്ന് കേന്ദ്രം വ്യക്തമാക്കി. കൊവിഡ്19 പ്രതിരോധ കുത്തിവയ്പ് അതിവേഗത്തില്‍ നല്‍കുന്നതിന്റെ ഭാഗമായി രാജ്യത്താകെ ഇതുവരെ 164.59 കോടിയിലധികം വാക്‌സീന്‍ ഡോസുകള്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും കൈമാറിയെന്നും കേന്ദ്രം അറിയിച്ചു.

കേന്ദ്ര സര്‍ക്കാര്‍ അറിയിപ്പ്

രാജ്യത്തൊട്ടാകെ കൊവിഡ്19 പ്രതിരോധ കുത്തിവയ്പ് അതിവേഗത്തില്‍ നല്‍കുന്നതിന് കേന്ദ്ര ഗവണ്‍മെന്റ് പ്രതിജ്ഞാബദ്ധമാണ്. എല്ലാവര്‍ക്കും കോവിഡ്19 പ്രതിരോധ കുത്തിവയ്പു നല്‍കുന്ന പുതിയ ഘട്ടത്തിന് രാജ്യത്ത് 2021 ജൂണ്‍ 21നാണ് തുടക്കമായത്. പ്രതിരോധ മരുന്നു കൂടുതല്‍ ലഭ്യമാക്കിയതും, സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും മരുന്നുലഭ്യത മുന്‍കൂട്ടി അറിയാന്‍ കഴിഞ്ഞതും മികച്ച ആസൂത്രണത്തിനും വിതരണശൃംഖല സുതാര്യമാക്കുന്നതിനും സഹായിച്ചു.

രാജ്യവ്യാപക പ്രതിരോധ കുത്തിവയ്പു പരിപാടിയുടെ ഭാഗമായി, സൗജന്യമായി വാക്‌സിനുകള്‍ നല്‍കി കേന്ദ്ര ഗവണ്മെന്റ് സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും പിന്തുണ നല്‍കി വരികയാണ്. കൊവിഡ്19 പ്രതിരോധ കുത്തിവയ്പ് പരിപാടിയുടെ പുതിയ ഘട്ടത്തില്‍ വാക്‌സിനുകളുടെ 75% കേന്ദ്ര ഗവണ്മെന്റ് സംഭരിക്കും. ഇങ്ങനെ സംഭരിക്കുന്ന വാക്‌സിനുകള്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും സൗജന്യമായി നല്‍കും.

കേന്ദ്ര ഗവണ്മെന്റ് സൗജന്യമായി ലഭ്യമാക്കിയതും സംസ്ഥാനങ്ങള്‍ നേരിട്ട് സംഭരിച്ചതുമുള്‍പ്പടെ ഇതുവരെ 164.59 കോടിയിലധികം (1,64,59,69,525) വാക്‌സിന്‍ ഡോസുകള്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും കൈമാറിയിട്ടുണ്ട്. 12.38 കോടിയില്‍ അധികം (12,38,35,511) കൊവിഡ് വാക്‌സിന്‍ ഡോസുകള്‍ സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും പക്കല്‍ ഇപ്പോഴും ലഭ്യമാണെന്നും കേന്ദ്രം വ്യക്തമാക്കി.

Top