കന്‍വര്‍ യാത്രയ്ക്ക് സംസ്ഥാനങ്ങള്‍ അനുമതി നല്‍കരുതെന്ന് കേന്ദ്രം സുപ്രീംകോടതിയില്‍

ന്യൂഡല്‍ഹി: കന്‍വര്‍ യാത്രാ വിഷയത്തില്‍ നിലപാട് വ്യക്തമാക്കി കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ ഹരിദ്വാറില്‍ നിന്ന് ഗംഗാജലം കൊണ്ടുവരാനുള്ള കന്‍വരിയകളുടെ യാത്രകള്‍ക്ക് സംസ്ഥാനങ്ങള്‍ അനുമതി നല്‍കരുതെന്ന് കേന്ദ്രം സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. പകരം ഭക്തര്‍ക്ക് ഗംഗാജലം ടാങ്കറുകളിലൂടെ ലഭ്യമാക്കുന്ന സംവിധാനം സംസ്ഥാന സര്‍ക്കാരുകള്‍ സജ്ജമാക്കണമെന്നും കേന്ദ്രം ആവശ്യപ്പെട്ടു.

ഇത് ഏറെപ്പഴക്കമുള്ള ആചാരമാണ്. മതവികാരം പരിഗണിച്ച്, ഗംഗാജലം ടാങ്കര്‍വഴി ഭക്തജനങ്ങള്‍ക്ക് ലഭ്യമാക്കാനുള്ള സംവിധാനം സംസ്ഥാനങ്ങള്‍ തയ്യാറാക്കണം. ഭക്തര്‍ക്ക് ഗംഗാജലം വിതരണം ചെയ്യുമ്പോള്‍, സാമൂഹിക അകലം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പാലിക്കണമെന്നും സത്യവാങ്മൂലത്തില്‍ കേന്ദ്രം നിര്‍ദേശിക്കുന്നുണ്ട്.

അതേസമയം കന്‍വര്‍ യാത്രയ്ക്ക് അനുമതി നല്‍കിയ വിഷയം പുനഃപരിശോധിക്കണമെന്ന് സുപ്രീം കോടതി ഉത്തര്‍പ്രദേശ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. പൗരന്മാരുടെ ആരോഗ്യവും ജീവിക്കാനുള്ള അവകാശവും പരമമാണെന്ന് ചൂണ്ടിക്കാണിച്ചാണ് ജസ്റ്റിസ് ആര്‍.എഫ്. നരിമാന്റെ ബെഞ്ച് ഇക്കാര്യം ഉത്തര്‍പ്രദേശ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടത്.

 

Top