കമ്പനി നിയമ കമ്മിറ്റിയുടെ കാലാവധി കേന്ദ്രം വീണ്ടും നീട്ടി

ദില്ലി: കേന്ദ്രസര്‍ക്കാര്‍ രൂപീകരിച്ച കമ്പനി നിയമ കമ്മിറ്റിയുടെ കാലാവധി നീട്ടി. 2019 ല്‍ രൂപീകരിച്ച കമ്മിറ്റിയുടെ കാലാവധി ഒരു വര്‍ഷത്തേക്കാണ് നീട്ടിയത്. കോര്‍പറേറ്റ്കാര്യ മന്ത്രാലയം 2019 സെപ്തംബറിലായിരുന്നു ഈ കമ്മിറ്റി രൂപീകരിച്ചത്. കഴിഞ്ഞ വര്‍ഷവും ഇതിന്റെ കാലാവധി ഒരു വര്‍ഷത്തേക്ക് നീട്ടിയിരുന്നു.

കമ്പനീസ് ആക്ട്, എല്‍എല്‍പി ആക്ട് എന്നിവ നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട വിവിധ വശങ്ങള്‍ പരിശോധിക്കാനാണ് കമ്മിറ്റിയെ ചുമതലപ്പെടുത്തിയിരുന്നത്. 11 അംഗങ്ങളുള്‍പ്പെട്ടതാണ് ഈ സമിതി. കോര്‍പറേറ്റ് കാര്യ മന്ത്രാലയം സെക്രട്ടറി രാജേഷ് വര്‍മയാണ് നിലവില്‍ ഈ സമിതിയുടെ അധ്യക്ഷന്‍.

സാമ്പത്തിക രംഗത്ത് കൂടുതല്‍ ഉദാരവത്കരണ നയങ്ങളുമായാണ് കേന്ദ്രസര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്. വിപണിയെ ശക്തിപ്പെടുത്താനും കൂടുതല്‍ സംരംഭങ്ങളുണ്ടാക്കാനും അതിലൂടെ രാജ്യത്തെ ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്താനും ലക്ഷ്യമിട്ടുള്ള നിയമ നിര്‍മാണങ്ങള്‍ക്കാണ് കേന്ദ്രസര്‍ക്കാരിന്റെ ശ്രമം. ഇത് മുന്‍നിര്‍ത്തിയാണ് 2019 ല്‍ ഈ സമിതിയെ നിയോഗിച്ചത്.

കമ്പനികളുടെയും തത്പരവിഭാഗങ്ങളുടെയും താത്പര്യം കൂടി സംരക്ഷിക്കുന്ന തരത്തിലുള്ള നിയമ നിര്‍മാണത്തിന് വേണ്ട നിര്‍ദ്ദേശങ്ങളാണ് സമിതി സമര്‍പ്പിക്കേണ്ടത്. കഴിഞ്ഞ വര്‍ഷം, 2021 സെപ്തംബര്‍ 17 വരെയായായിരുന്നു കേന്ദ്രസര്‍ക്കാര്‍ സമിതിയുടെ കാലാവധി നീട്ടി നല്‍കിയത്.

 

Top