ജിഎസ്ടി നഷ്ടപരിഹാരം അനുവദിച്ച് കേന്ദ്രം; കേരളത്തിന് 4122 കോടി

ന്യൂഡല്‍ഹി: സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കുമുള്ള ജി.എസ്.ടി കുടിശ്ശിക കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചു. 75,000 കോടി രൂപയാണ് ഈ ഇനത്തില്‍ വിതരണം ചെയ്തിരിക്കുന്നത്. കേരളത്തിന് നഷ്ടപരിഹാരമായി കിട്ടാനുള്ള 4500 കോടിയില്‍ 4122.27 കോടിയാണ് അനുവദിച്ചിരിക്കുന്നത്. സംസ്ഥാനങ്ങള്‍ക്കുള്ള കുടിശ്ശികയുടെ അമ്പത് ശതമാനവും ഒറ്റ തവണയായി നല്‍കുന്നതായി ധനമന്ത്രാലയം വ്യക്തമാക്കി. കേന്ദ്രം 1.59 ലക്ഷം കോടി വായ്‌പെടുത്ത് ജിഎസ്ടി നഷ്ടപരിഹാര കുടിശ്ശകയിലേക്ക് നല്‍കുമെന്ന് കഴിഞ്ഞ കൗണ്‍സില്‍ യോഗത്തില്‍ തീരുമാനമെടുത്തിരുന്നു.

രണ്ട് തരത്തിലുള്ള വായ്പയെടുത്താണ് കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് പണം വിതരണം ചെയ്യുന്നത്. അഞ്ച് വര്‍ഷത്തെ സെക്യൂരിറ്റിയിലും മൂന്ന് വര്‍ഷത്തെ സെക്യൂരിറ്റിയിലുമാണ് തുക വിതരണം ചെയ്യുക.

കേരളത്തിന് 4500 കോടിയോളം രൂപയാണ് കിട്ടാനുള്ളത്. കേന്ദ്രത്തിന്റെ നയം അനുസരിച്ച് അഞ്ച് വര്‍ഷത്തെ സെക്യൂരിറ്റി ഇനത്തില്‍ 3765 കോടിയും മൂന്ന് വര്‍ഷത്തെ സെക്യൂരിറ്റി ഇനത്തില്‍ 357 കോടി രൂപയുമാണ് കേരളത്തിന് ലഭിക്കുക.

ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ ഇന്ന് കേന്ദ്ര ധനമന്ത്രി നിര്‍മ്മലാ സീതാരാമനെ സന്ദര്‍ശിച്ചിരുന്നു. സംസ്ഥാനങ്ങള്‍ക്ക് കിട്ടാനുള്ള ജി.എസ്.ടി കുടിശ്ശിക വിതരണം ചെയ്യണമെന്ന് കെ.എന്‍. ബാലഗോപാല്‍ ധനമന്ത്രിയോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.

വൈകിയാണെങ്കിലും കുടിശ്ശിക വിതരണം ചെയ്തതിനെ സ്വാഗതം ചെയ്യുന്നുവെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ പറഞ്ഞു. സംസ്ഥാനങ്ങളുടെ മറ്റാവശ്യങ്ങളും കേന്ദ്രസര്‍ക്കാര്‍ പരിഗണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

 

Top