ടെലികോം കമ്പനികള്‍ക്ക് ആശ്വാസമായി കേന്ദ്രം

ന്യൂഡല്‍ഹി: ടെലികോം രംഗത്തെ എജിആര്‍ കുടിശിക കമ്പനികള്‍ക്ക് മുകളില്‍ വലിയ ബാധ്യതയായി നില്‍ക്കെ, ഇക്കാര്യത്തില്‍ കേന്ദ്രം കടുംപിടുത്തം ഒഴിവാക്കുന്നുവെന്ന് സൂചന. വൊഡഫോണ്‍ ഐഡിയ പോലുള്ള കമ്പനികള്‍ക്ക് കുടിശിക തുകയില്‍ മൊറട്ടോറിയം അനുവദിക്കുന്നതടക്കമാണ് പരിഗണനയിലുള്ളത്.

കുടിശികയിലെ പലിശ സര്‍ക്കാരിന് ഓഹരിയായി നല്‍കുന്ന കാര്യമാണ് ഇതില്‍ പ്രധാനം. കുമാര്‍ മംഗളം ബിര്‍ള വൊഡഫോണ്‍ ഐഡിയയുടെ ചെയര്‍മാന്‍ സ്ഥാനം രാജിവെച്ച് ആറാഴ്ചകള്‍ക്ക് ശേഷമാണ് കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഇത്തരമൊരു നീക്കമുണ്ടാകുന്നതെന്നത് പ്രധാനമാണ്. ജൂണ്‍ ഏഴിന് ബിര്‍ള കേന്ദ്രസര്‍ക്കാരിനയച്ച കത്തില്‍ തന്റെ ഓഹരികള്‍ സര്‍ക്കാരിന് കൈമാറാന്‍ സന്നദ്ധത പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ കേന്ദ്രത്തിന്റെ ഭാഗത്ത് നിന്ന് യാതൊരു തീരുമാനവും ഉണ്ടായില്ല. പിന്നാലെയായിരുന്നു ബിര്‍ളയുടെ രാജി.

ഇപ്പോള്‍ 62180 കോടി രൂപയാണ് വൊഡഫോണ്‍ ഐഡിയ കേന്ദ്രസര്‍ക്കാരിന് എജിആര്‍ കുടിശികയായി അടയ്ക്കാനുള്ളത്. എന്നാല്‍ കേന്ദ്രസര്‍ക്കാരിലെ തന്നെ ഉന്നതര്‍ കടമായി കിട്ടാനുള്ള തുക ഓഹരിയാക്കുന്ന കാര്യത്തില്‍ എതിര്‍പ്പുന്നയിച്ചിട്ടുണ്ട്. എജിആര്‍ കുടിശികയുമായി ബന്ധപ്പെട്ട കേസുകള്‍ ഇപ്പോഴും കോടതികളുടെ പരിഗണനയിലുണ്ടെന്നതാണ് അതിന് പ്രധാന കാരണമായി അവര്‍ ചൂണ്ടിക്കാട്ടുന്നത്.

എന്നാല്‍ കേന്ദ്രം പലിശ തുക ഓഹരിയാക്കി മാറ്റണമെന്ന് ആവശ്യപ്പെട്ടാല്‍ ഇപ്പോഴത്തെ നിലയില്‍ ടെലികോം കമ്പനികള്‍ ആവശ്യം അംഗീകരിക്കാനാണ് സാധ്യത. 2021 ജൂണ്‍ 30 ലെ കണക്കനുസരിച്ച് വൊഡഫോണ്‍ ഐഡിയ ലിമിറ്റഡിന് 191590 കോടി രൂപയുടെ ബാധ്യതയുണ്ട്. സ്‌പെക്ട്രം ലേലവുമായി ബന്ധപ്പെട്ടതാണ് ഇതില്‍ 106010 കോടി.

Top