ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയില്‍ ഇടപെടലുകള്‍ നടത്താന്‍ കേന്ദ്രത്തിന് നിര്‍ദേശം നല്‍കണം

ന്യൂഡല്‍ഹി: റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഗവര്‍ണര്‍ ശക്തികാന്ത ദാസയ്ക്ക് മറപടിയുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ധനമന്ത്രിയുമായ പി. ചിദംബരം. നടപ്പു സാമ്പത്തിക വര്‍ഷം രാജ്യത്തെ ആഭ്യന്തര വളര്‍ച്ചാ നിരക്ക് നെഗറ്റീവിലേക്കു കൂപ്പുകുത്തുമെന്ന ആര്‍ബിഐ ഗവര്‍ണറുടെ പ്രസ്താവനയ്ക്കാണ് മുന്‍ധനമന്ത്രി മറുപടി നല്‍കിയത്.

രാജ്യം വന്‍ പ്രതിസന്ധി നേരിടുന്ന സാഹചര്യത്തില്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയില്‍ കാര്യക്ഷമമായ ഇടപെടലുകള്‍ നടത്താന്‍ കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്‍കാന്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ തയാറാകണമെന്നാണ് പി. ചിദംബരം മറുപടി നല്‍കിയത്. രാജ്യത്തെ ആഭ്യന്തര വളര്‍ച്ചാ നിരക്കിനെ സംബന്ധിച്ചുള്ള കേന്ദ്ര അവകാശവാദങ്ങള്‍ ആര്‍ബിഐ ഗവര്‍ണര്‍ തള്ളിയ സാഹചര്യത്തില്‍ ജിഡിപിയുടെ ഒരു ശതമാനത്തിനും താഴെയുള്ള ഉത്തേജക പാക്കേജിന്റെ പേരില്‍ ഇനിയും പ്രധാനമന്ത്രിയും ധനമന്ത്രിയും സ്വയം പ്രശംസയ്ക്ക് തയാറാകുമോയെന്നും ചിദംബരം ചോദിച്ചു.

കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച 20 ലക്ഷം കോടിയുടെ ഉത്തേജക പാക്കേജ് നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ ജിഡിപിയില്‍ കാര്യമായ ചലനം സൃഷ്ടിക്കില്ലെന്നു ആര്‍ബിഐ ഗവര്‍ണറുടെ പ്രസ്താവനയില്‍നിന്ന് വ്യക്തമാണെന്നും ചിദംബരം പറഞ്ഞു.വായ്പകളുടെ തിരിച്ചടവിനുള്ള മൊറട്ടോറിയം മൂന്നു മാസത്തേക്കു നീട്ടിയതോ ആര്‍ബിഐ വാണിജ്യ ബാങ്കുകള്‍ക്കു നല്‍കുന്ന ഹ്രസ്വകാല വായ്പ (റീപോ) യുടെ നിരക്ക് 0.4% കുറച്ചതോ വിപണിയില്‍ അടിയന്തര ഡിമാന്‍ഡ് വര്‍ധനയ്ക്കു പ്രേരകമാകില്ലെന്നു വിദഗ്ധര്‍ ചൂണ്ടിക്കാട്ടിയിരുന്നു.

Top