മഴക്കെടുതി; സംസ്ഥാനത്തിന് 50000 ടണ്‍ അരി അധിക വിഹിതമായി അനുവദിക്കാമെന്ന് കേന്ദ്രം

ന്യൂഡല്‍ഹി: പ്രളയക്കെടുതിയുടെ പ്രത്യേക സാഹചര്യത്തില്‍ കേരളത്തിന് 50000 ടണ്‍ അരി അധിക വിഹിതമായി അനുവദിക്കാമെന്ന് കേന്ദ്ര സര്‍ക്കാര്‍. 20 രൂപ നിരക്കില്‍ 50000 ടണ്‍ അരി നല്‍കാമെന്നാണ് കേന്ദ്ര വാണിജ്യഭക്ഷ്യ വിതരണ മന്ത്രി പിയൂഷ് ഗോയല്‍ മുഖ്യമന്ത്രി പിണറായി വിജയനെ അറിയിച്ചത്. ദില്ലിയില്‍ മുഖ്യമന്ത്രി കൂടിക്കാഴ്ചയിലാണ് കേരളത്തിന് കൂടുതല്‍ അരി അനുവദിക്കുമെന്ന് കേന്ദ്ര മന്ത്രി ഉറപ്പ് നല്‍കിയത്.

മഴക്കെടുതിയുടെ പശ്ചാത്തലത്തില്‍ മൂന്ന് മാസത്തെ അധിക വിഹിതമാണ് കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടത്. ആന്ധ്ര, തെലങ്കാന സംസ്ഥാനങ്ങളില്‍ നിന്ന് ജയ, സുരേഖ വിഭാഗത്തിലുള്ള അരി കേരളത്തിന് കൂടുതല്‍ ലഭ്യമാക്കുന്നത് നവംബര്‍ മാസം മുതല്‍ പരിഗണിക്കാമെന്നും കേന്ദ്ര മന്ത്രി അറിയിച്ചു. കൊച്ചി മംഗലാപുരം വ്യവസായ ഇടനാഴിക്കായുള്ള കേരളത്തിന്റെ ആവശ്യം അടുത്ത ബജറ്റില്‍ പരിഗണിക്കാമെന്നും കൂടിക്കാഴ്ചയില്‍ കേന്ദ്ര മന്ത്രി അറിയിച്ചു.

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്

കേന്ദ്ര വാണിജ്യ-വ്യവസായ-ഉപഭോക്തൃ കാര്യ-ഭക്ഷ്യ പൊതുവിതരണ വകുപ്പുമന്ത്രി പീയുഷ് ഗോയലുമായി കൂടിക്കാഴ്ച നടത്തി. പ്രളയക്കെടുതിയിൽ ബുദ്ധിമുട്ടുന്ന കേരളത്തിന് അധിക വിഹിതമായി മൂന്നു മാസത്തെ അരി (50000 ടൺ) അടിയന്തരമായി അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു. കിലോയ്ക്ക് 20 രൂപ എന്ന കൺസഷൻ നിരക്കിൽ ഇത് അനുവദിക്കുമെന്ന് കേന്ദ്രമന്ത്രി അറിയിച്ചു. ആന്ധ്ര, തെലുങ്കാന സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലെത്തുന്ന ജയ, സുരേഖ അരി വിഹിതം വർദ്ധിപ്പിക്കണമെന്നും ആവശ്യപ്പെട്ടു. നവംബർ മുതൽ ഇത് പരിഗണിക്കാമെന്ന് കേന്ദ്രമന്ത്രി ഉറപ്പു നൽകി.

അന്ത്യോദയ അന്ന യോജന (എ.എ.വൈ), പ്രയോരിറ്റി ഹൗസ് ഹോൾഡ് (പിഎച്ച്എച്ച്) പ്രയോരിറ്റി വിഭാഗങ്ങളുടെ എണ്ണം എൻഎഫ്എസ്എ മാനദണ്ഡമനുസരിച്ച് കേരളത്തിന് കേന്ദ്രം അനുവദിച്ചിട്ടുള്ളത് 1,54,80,040 ആണ്. എന്നാൽ ഈ വിഭാഗങ്ങളിൽ കേരളത്തിൽ കൂടുതൽ ഗുണഭോക്താക്കളുണ്ട്. അയതിനാൽ ഇത് സംബന്ധിച്ച നിബന്ധനകൾ പരിഷ്‌കരിക്കണം എന്നും ആവശ്യപ്പെട്ടു. സംസ്ഥാനം മാനദണ്ഡങ്ങൾ നിശ്ചയിച്ച് ഉത്തരവ് ഇറക്കിയിട്ടുണ്ടെന്ന വസ്തുതയും ചൂണ്ടിക്കാട്ടി.

ക്യാൻസർ രോഗികൾ, വൃക്കരോഗികൾ, കിടപ്പു രോഗികൾ തുടങ്ങിയവരിൽ നിന്ന് ഈ വിഷയത്തിൽ നിരന്തരം അപേക്ഷകൾ ലഭിക്കുന്നതായും അറിയിച്ചു. മാനദണ്ഡങ്ങൾ പ്രൊപ്പോസ് ചെയ്യാമെന്നും അടുത്ത സെൻസസിൽ ഇത് പരിഷ്‌ക്കരിക്കുന്നതും ഉൾപ്പെടുത്തുന്നതും പരിഗണിക്കാമെന്നും കേന്ദ്രമന്ത്രി അറിയിച്ചു. ഗെയിൽ പൈപ്പ് ലൈൻ സാദ്ധ്യമായ സാഹചര്യത്തിൽ പ്രദേശത്ത് കൂടുതൽ വ്യാവസായിക വളർച്ചയും സാമ്പത്തിക വളർച്ചയും ലക്ഷ്യമിടുന്ന കൊച്ചി – മാംഗ്ലൂർ വ്യവസായ ഇടനാഴി സംബന്ധിച്ച പ്രൊപ്പോസൽ അടുത്ത ബജറ്റിൽ പരിഗണിക്കാമെന്നും അദ്ദേഹം പറഞ്ഞു.

Top