ഡല്‍ഹി മലിനീകരണം; കേന്ദ്ര ജീവനക്കാര്‍ക്ക് വര്‍ക് ഫ്രം ഹോം നല്‍കാന്‍ കഴിയില്ലെന്ന് സര്‍ക്കാര്‍

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വര്‍ക് ഫ്രം ഹോം ഏര്‍പ്പെടുത്താന്‍ കഴിയില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രിംകോടതിയില്‍. ഡല്‍ഹിയിലെ അന്തരീക്ഷ മലിനീകരണവുമായി ബന്ധപ്പെട്ട് സുപ്രിംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്.

മഹാമാരിയെ തുടര്‍ന്നുള്ള സാഹചര്യത്തില്‍ നിന്ന് സാധാരണ നിലയിലേക്ക് മടങ്ങുന്നതിനിടെ വര്‍ക് ഫ്രം ഹോം വീണ്ടും ഏര്‍പ്പെടുത്താനാകില്ലെന്നാണ് കേന്ദ്രസര്‍ക്കാര്‍ നിലപാട്. വര്‍ക് ഫ്രം ഹോമിന് പകരം കാര്‍ പൂള്‍ സംവിധാനം ജീവനക്കാര്‍ക്ക് ഏര്‍പ്പെടുത്തുന്നത് ഫലപ്രദമാകുമെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.

ഡല്‍ഹിയിലെ ആകെ വാഹനങ്ങളുടെ വളരെ ചെറിയ ശതമാനം മാത്രമാണ് കേന്ദ്രസര്‍ക്കാര്‍ വാഹനങ്ങളെന്നും വിശദീകരണമുണ്ട്. കേന്ദ്രസര്‍ക്കാര്‍ വാഹനങ്ങളുടെ ഉപയോഗം കുറയ്ക്കുന്നത് മലിനീകരണത്തിന് പരിഹാരമാകില്ലെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.

അതേസമയം, കാര്‍ഷിക അവശിഷ്ടങ്ങള്‍ കത്തിക്കാതിരിക്കാന്‍ നടപടിയെടുത്തതായി പഞ്ചാബ് സര്‍ക്കാര്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. ഒരു ക്വിന്റല്‍ കാര്‍ഷിക അവശിഷ്ടത്തിന് നൂറ് രൂപ കര്‍ഷകന് നല്‍കും. കൃഷിയിടങ്ങളിലെ തീ അണയ്ക്കാന്‍ അഗ്നിശമന യൂണിറ്റുകളെയും പൊലീസിനെയും നിയോഗിക്കുമെന്നും പഞ്ചാബ് സര്‍ക്കാര്‍ അറിയിച്ചു. കാര്‍ഷിക അവശിഷ്ടങ്ങള്‍ സംസ്‌ക്കരിക്കുന്ന 10024 യന്ത്രങ്ങള്‍ വാങ്ങിയതായി പഞ്ചാബ് സര്‍ക്കാര്‍ സുപ്രിംകോടതിയില്‍ പറയുന്നു.

കാര്‍ഷിക അവശിഷ്ടങ്ങളുടെ വിഷയം കൈകാര്യം ചെയ്യാന്‍ കൂടുതല്‍ ഫണ്ട് കേന്ദ്രസര്‍ക്കാരില്‍ നിന്ന് ആവശ്യപ്പെട്ടെങ്കിലും നടപടിയുണ്ടായില്ലെന്നും പഞ്ചാബ് വ്യക്തമാക്കി. ഈ മാസം 30 വരെ വ്യവസായ ശാലകള്‍ അടച്ചിടുമെന്ന് ഹരിയാന സര്‍ക്കാരും കോടതിയെ അറിയിച്ചു. സിഎന്‍ജിയില്‍ പ്രവര്‍ത്തിക്കുന്ന വ്യവസായങ്ങള്‍ ഒഴികെയുള്ളവയാണ് അടച്ചിടുന്നത്.

Top