പാര്‍ലമെന്റ് സമ്മേളനത്തില്‍ കേന്ദ്രം ഏകപക്ഷീയമായി പ്രവര്‍ത്തിക്കുന്നു; ആരോപണവുമായി പ്രതിപക്ഷം

ന്യൂഡല്‍ഹി: പാര്‍ലമെന്റ് സമ്മേളനത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഏകപക്ഷീയമായി പ്രവര്‍ത്തിക്കുന്നുവെന്ന ആരോപണവുമായി പ്രതിപക്ഷം. പ്രതിപക്ഷത്തിന് സംസാരിക്കാന്‍ പോലും അവസരം നല്‍കാതെ സര്‍ക്കാര്‍ ബില്ലുകള്‍ പാസ്സാക്കിയെന്ന് പ്രതിപക്ഷ നേതാവ് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗ്ഗെ.

അംഗങ്ങളെ സസ്‌പെന്‍ഡ് ചെയ്ത സംഭവത്തില്‍ നടപടി പിന്‍വലിക്കാനായി ഖേദം പ്രകടിപ്പിക്കാമെന്ന് പ്രതിപക്ഷനേതാവ് തന്നെ സര്‍ക്കാരിനെ അറിയിച്ചെങ്കിലും ഒരോ അംഗങ്ങളും സഭക്കുള്ളില്‍ ഖേദം പ്രകടിപ്പിക്കണമെന്ന് സര്‍ക്കാര്‍ വാശി പിടിച്ചെന്ന് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് പറഞ്ഞു.

തീര്‍ത്തും ജനാധിപത്യ വിരുദ്ധമായാണ് പാര്‍ലമെന്റ് സമ്മേളനത്തില്‍ സര്‍ക്കാര്‍ ബില്ലുകള്‍ പാസാക്കിയതെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് അധീര്‍രഞ്ജന്‍ ചൗധരി ആരോപിച്ചു. ലഖിംപൂര്‍ ഖേരി വിഷയം ഉയര്‍ത്താന്‍ ശ്രമിച്ചപ്പോള്‍ മൈക്ക് ഓഫാക്കി പ്രതിപക്ഷത്തെ വിലക്കുന്ന സ്ഥിതിയുണ്ടായെന്ന് അദ്ദേഹം പറഞ്ഞു. പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം അവസാനിച്ചെങ്കിലും ബജറ്റ് സമ്മേളനത്തില്‍ കര്‍ഷക പ്രശ്‌നം അടക്കം ഉയര്‍ത്തി പ്രതിഷേധം തുടരുമെന്നും അധീര്‍ രഞ്ജന്‍ ചൗധരി കൂട്ടിച്ചേര്‍ത്തു.

Top