ഷാരൂഖ് നായകനാകുന്ന ‘ജവാന്റെ’ സെൻസറിംഗ് പൂര്‍ത്തിയായി; ചിത്രത്തിന് യു/എ സര്‍ട്ടിഫിക്കറ്റ്

ഷാരൂഖ് ഖാൻ നായകനാകുന്ന പുതിയ ചിത്രം ‘ജവാൻ’ ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒന്നാണ്. അറ്റ്‍ലിയാണ് ‘ജവാൻ’ സംവിധാനം ചെയ്യുന്നത്. അറ്റ്‍ലിയുടേതാണ് ‘ജവാനെ’ന്ന ചിത്രത്തിന്റെ കഥയും. ‘ജവാന്റെ’ സെൻസറിംഗ് പൂര്‍ത്തിയായി എന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്.

ചിത്രത്തിന് യു/എ സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. 169 മിനിറ്റാണ് ചിത്രത്തിന്റെ ദൈര്‍ഘ്യം. ജി കെ വിഷ്‍ണുവാണ് ഷാരൂഖ് ചിത്രത്തിന്റെ ഛായാഗ്രാഹണം. അനിരുദ്ധ് രവിന്ദറിന്റെ സംഗീത സംവിധാനത്തില്‍ ചിത്രത്തിനായി അരിജിത്ത് സിംഗും ശില്‍പ റാവും ആലപിച്ച ഗാനം അടുത്തിടെ വൻ ഹിറ്റായിരുന്നു.

ഷാരൂഖ് ഖാൻ ‘ജവാൻ’ എന്ന ചിത്രത്തില്‍ ഇരട്ട വേഷത്തിലാണ് എത്തുന്നത് എന്നാണ് റിപ്പോര്‍ട്ട്. ‘റോ’യിലെ (റിസര്‍ച്ച് ആന്‍ഡ് അനാലിസിസ് വിംഗ്) ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥനായ അച്ഛനും ഒരു ഗ്യാങ്സ്റ്ററായ മകനുമാണ് ഈ കഥാപാത്രങ്ങളെന്നാണ് റിപ്പോര്‍ട്ട്.  ഒരു അന്വേഷണോദ്യോഗസ്ഥയായി നയന്‍താര വേഷമിടുന്ന ചിത്രം പ്രദര്‍ശനത്തിനെത്തുക സെപ്‍തംബര്‍ ഏഴിന് ആയിരിക്കും.

റെഡ് ചില്ലീസ് എന്റര്‍ടെയ്ന്‍‍മെന്റിന്റെ ബാനറില്‍ ഗൗരി ഖാന്‍ ആണ് നിര്‍മാണം. വിജയ് സേതുപതിയും ഒരു പ്രധാനപ്പെട്ട കഥാപാത്രമായി ‘ജവാനി’ലുണ്ട്. നയൻതാര നായികയായിട്ടാണ് ചിത്രത്തില്‍ എത്തുന്നത്. ചിത്രത്തില്‍ സാന്യ മല്‍ഹോത്ര, പ്രിയാ മണി, സഞ്‍ജീത ഭട്ടാചാര്യ, സുനില്‍ ഗ്രോവര്‍, റിദ്ധി ദോഗ്ര, അമൃത അയ്യര്‍ തുടങ്ങിവരും പ്രധാന വേഷങ്ങളിലെത്തുന്ന ‘ജവാൻ’ ഷാരൂഖ് ഖാന് ഏറെ പ്രതീക്ഷയുള്ള ചിത്രമാണ്.

 

Top