സെന്‍സറിംഗ് പൂര്‍ത്തിയായി; ഷാജി കൈലാസ് മോഹന്‍ലാല്‍ ചിത്രം ‘എലോണി’ന് ക്ലീന്‍ യു

മോഹന്‍ലാല്‍ നായകനാവുന്ന ‘എലോൺ’ എന്ന ചിത്രത്തിന്റെ സെന്‍സറിംഗ് പൂര്‍ത്തിയായി. ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റ് ആണ് ചിത്രത്തിന്. സംവിധായകൻ ഷാജി കൈലാസ് ആണ് സോഷ്യല്‍ മീഡിയയിലൂടെ വിവരം പങ്കുവച്ചത്. ഷാജി കൈലാസും മോഹന്‍ലാലും 12 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ഒരുമിക്കുന്ന ചിത്രമാണിത്.

നേരത്തെ മോഹന്‍ലാലിന്റെ അവസാന റിലീസ് മോണ്‍സ്റ്റര്‍ തിയറ്ററുകളില്‍ എത്തിയ ദിവസമായിരുന്നു എലോണിന്‍റെ ടീസര്‍ എത്തിയത്. പേര് സൂചിപ്പിക്കുംപോലെ കഥാപാത്രമായി മോഹന്‍ലാല്‍ മാത്രം സ്ക്രീനില്‍ പ്രത്യക്ഷപ്പെട്ട ടീസറില്‍ ശബ്ദ സാന്നിധ്യങ്ങളായി പൃഥ്വിരാജും സിദ്ദിഖുമൊക്കെ എത്തിയിരുന്നു. ആരാണെന്ന ചോദ്യത്തിന് യുണൈറ്റഡ് നേഷന്‍സില്‍ നിന്നുള്ള ഉദ്യോഗസ്ഥനാണെന്നാണ് മോഹന്‍ലാലിന്റെ കഥാപാത്രം ടീസറില്‍ മറുപടി പറയുന്നത്.

ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ ആണ് നിര്‍മ്മാണം. ആശിര്‍വാദിന്റെ 30-ാം ചിത്രമാണിത്. ഷാജി കൈലാസ്-മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ 2000ല്‍ എത്തിയ സൂപ്പര്‍ഹിറ്റ് ചിത്രം ‘നരസിംഹ’മായിരുന്നു ആശിര്‍വാദ് സിനിമാസിന്റെ ലോഞ്ചിംഗ് ചിത്രം. 2009ല്‍ പുറത്തെത്തിയ ക്രൈം ത്രില്ലര്‍ ചിത്രം ‘റെഡ് ചില്ലീസി’നു ശേഷം മോഹന്‍ലാല്‍ നായകനാവുന്ന ഷാജി കൈലാസ് ചിത്രമാണ് ഇത്. മുന്‍പ് ഷാജി കൈലാസിന്‍റെ ടൈം, സൗണ്ട് ഓഫ് ബൂട്ട്, മദിരാശി, ജിഞ്ചര്‍ എന്നീ സിനിമകള്‍ക്ക് രചന നിര്‍വ്വഹിച്ച രാജേഷ് ജയരാമനാണ് തിരക്കഥ ഒരുക്കുന്നത്.

ഛായാഗ്രഹണം അഭിനന്ദന്‍ രാമാനുജം, എഡിറ്റിംഗ് ഡോണ്‍ മാക്സ്, പ്രൊഡക്ഷന്‍ ഡിസൈനര്‍ സന്തോഷ് രാമന്‍, സംഗീതം ജേക്സ് ബിജോയ്, ചീഫ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സിദ്ധു പനയ്ക്കല്‍, മേക്കപ്പ് ലിജു പനംകോഡ്, ബിജീഷ് ബാലകൃഷ്‍ണന്‍, വസ്ത്രാലങ്കാരം മുരളി, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ മനീഷ് ഭാര്‍ഗവന്‍, സ്റ്റില്‍സ് അനീഷ് ഉപാസന എന്നിങ്ങനെയാണ് ചിത്രത്തിന്റെ പ്രധാന അണിയറക്കാര്‍.

Top