സര്‍ക്കാരിന്റെ സെമിത്തേരി ബില്ലിനെതിരെ വിവിധ ക്രിസ്ത്യന്‍ സഭകള്‍ രംഗത്ത്

തിരുവനന്തപുരം: സര്‍ക്കാര്‍ നിയമസഭയല്‍ കൊണ്ടുവന്ന സെമിത്തേരി ബില്ലിനെതിരെ വിവിധ ക്രിസ്ത്യന്‍ സഭകള്‍ രംഗത്ത്. യാക്കോബായ – ഓര്‍ത്തഡോക്‌സ് സഭകള്‍ തമ്മിലുളള തര്‍ക്കത്തിന്റെ പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ ഇന്ന് നിയമസഭയില്‍ സെമിത്തേരി ബില്ല് കൊണ്ട് വന്നത്. തര്‍ക്കം തുടരാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് ഓര്‍ത്തഡോക്‌സ് സഭ കുറ്റപ്പെടുത്തി.

സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ പിറവം ഉള്‍പ്പടെ പ്രധാനപ്പെട്ട പളളികള്‍ ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് കൈമാറിയതിന് പിന്നാലെയാണ് സെമിത്തേരി ബില്ലുമായി സംസ്ഥാന സര്‍ക്കാര്‍ രംഗത്തെത്തിയത്.

പളളി ആര് ഭരിച്ചാലും ഇടവകാംഗങ്ങള്‍ക്ക് കുടുംബകല്ലറയുളള സെമിത്തേരിയില്‍ തന്നെ മൃതദേഹം അടക്കം ചെയ്യാന്‍ അനുമതി നല്‍കുന്നതാണിത്. എന്നാല്‍ പുതിയ ബില്‍ യാക്കോബായ സഭയെ സഹായിക്കാനും സുപ്രീംകോടതി വിധിയെ അസ്ഥിരപ്പെടുത്താനുളള സര്‍ക്കാരിന്റെ ആസൂത്രിത നീക്കമെന്നാണ് ഓര്‍ത്തഡോക്‌സ് സഭയുടെ നിലപാട്.

നിലവിലെ ബില്‍ അവ്യക്തവും കൃത്യതയില്ലാത്തതുമാണെന്ന് സിറോ മലബാര്‍ സഭാ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയും ആരോപിച്ചു.

”ബില്ല് കൊണ്ടുവരുന്നതിന് മുമ്പ് എല്ലാ വിഭാഗങ്ങളോടും ചര്‍ച്ച ചെയ്യണമായിരുന്നു. നിയമത്തെ പൊതുവേ എതിര്‍ക്കുന്നില്ല. പക്ഷേ, ഉയര്‍ന്നു വന്ന ആശങ്കകള്‍ പരിഗണിക്കണം. നിയമം തര്‍ക്കമുളള വിഭാഗങ്ങള്‍ക്കു മാത്രമായി പരിമിതപ്പെടുത്തണം. കേരളത്തിന്റെ മുഴുവന്‍ ക്രൈസ്തവ സഭകളെയും ബില്ലിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തുന്നതിനെ പ്രതിപക്ഷം എതിര്‍ക്കുന്നു”, എന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല വ്യക്തമാക്കി

എന്നാല്‍ തര്‍ക്കമില്ലാത്ത സഭകള്‍ക്ക് ആശങ്ക വേണ്ടെന്നാണ് സര്‍ക്കാര്‍ നിലപാട്. ”പ്രതിപക്ഷത്തിന് തെറ്റിദ്ധാരണയാണ്. സഭാ തര്‍ക്കം പരിഹരിച്ചതാണ്. സുപ്രീം കോടതി വിധി നടപ്പാക്കി വരികയാണ്. ഇതുമായി ബന്ധപ്പെട്ട ആശങ്കകള്‍ സബ്ജക്റ്റ് കമ്മിറ്റി പരിഹരിക്കും”, എന്ന് നിയമമന്ത്രി എ കെ ബാലന്‍ വിശദീകരിച്ചു.

ശവമടക്കുമായി ബന്ധപ്പെട്ട് ഓര്‍ത്തഡോക്‌സ് – യാക്കോബായ തര്‍ക്കം സംഘര്‍ഷത്തിലേക്ക് കടന്നതോടെയാണ് ബില്ല് കൊണ്ടുവരുന്നത്. ശവമടക്ക് തടഞ്ഞാല്‍ ഒരു വര്‍ഷം വരെ തടവോ പതിനായിരം രൂപയോ ശിക്ഷ ലഭിക്കുമെന്നാണ് ബില്ലിലെ വ്യവസ്ഥ.

Top