സെമിത്തേരി ബില്‍ റദ്ദാക്കണമെന്ന ഹര്‍ജി മാറ്റി; സര്‍ക്കാരിന് ഹൈക്കോടതി നോട്ടീസ്

കൊച്ചി: സെമിത്തേരി ബില്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി ഈ മാസം 17ലേക്ക് മാറ്റി. ബില്ല് നടപ്പാക്കുന്നതിന് സ്റ്റേ വേണമെന്ന ഓര്‍ത്തഡോക്‌സ് സഭയുടെ ആവശ്യം ഹൈക്കോടതി നിരാകരിച്ചു. വിഷയത്തില്‍ വിശദമായ സത്യവാങ്മൂലം ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാരിന് കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. സുപ്രീംകോടതിയെ മറികടന്ന് നിയമ നിര്‍മാണം സാധ്യമല്ലെന്ന് ഓര്‍ത്തഡോക്‌സ് സഭ പറഞ്ഞു. എന്നാല്‍ ബില്ല് കൊണ്ടുവന്നിട്ട് ഒരു വര്‍ഷമായെന്ന് സംസ്ഥാന സര്‍ക്കാര്‍ വാദിച്ചു.

യാക്കോബായ- ഓര്‍ത്തഡോക്സ് സഭാ തര്‍ക്കത്തെ തുടര്‍ന്നു പല പള്ളികളിലും മൃതദേഹം സംസ്‌കരിക്കാന്‍ സാധിക്കാത്ത പ്രതിസന്ധി പരിഹരിക്കുന്നതിനു വേണ്ടി കൊണ്ടുവന്ന ഓര്‍ഡിനന്‍സിനു പകരമാണ് ബില്‍. മൃതശരീരം അനാഥമാകാന്‍ ഇടതു സര്‍ക്കാര്‍ അനുവദിക്കില്ലെന്നും ഇതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളില്‍ സര്‍ക്കാരിനു കാഴ്ചക്കാരായി നോക്കിനില്‍ക്കാന്‍ കഴിയില്ലെന്നും നേരത്തെ സര്‍ക്കാര്‍ പ്രസ്ഥാവിച്ചിരുന്നു. സംസ്‌കാരം തടയുന്നവര്‍ക്ക് ഒരു വര്‍ഷം വരെ തടവോ 10,000 രൂപ വരെ പിഴയോ രണ്ടും കൂടിയോ ശിക്ഷ ലഭിക്കാന്‍ വ്യവസ്ഥ ചെയ്യുന്നതാണു നിയമം.

 

Top