ബലിപ്പെരുന്നാള്‍; ഗള്‍ഫിലേക്കുള്ള ആട് കയറ്റുമതിയില്‍ വര്‍ധന

കൊച്ചി: ഇന്ത്യയില്‍ നിന്ന് ഗള്‍ഫിലേക്കുള്ള ആട് കയറ്റുമതിയില്‍ ഇത്തവണ വന്‍ നേട്ടം. ബലി പെരുന്നാളിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ ഗള്‍ഫ് രാജ്യങ്ങളില്‍ ആടുമാടുകളുടെ വിപണിയില്‍ ഇന്ത്യന്‍ ആടുകളാണ് കൂടുതല്‍ എത്തിയിരിക്കുന്നത്. വിമാനം വഴി കൊണ്ടുവരുന്ന ഇന്ത്യന്‍ ആടുകളുടെ വില മുന്‍വര്‍ഷങ്ങളേക്കാള്‍ ഗള്‍ഫ് വിപണിയില്‍ വില കൂടിയിട്ടുമുണ്ട്. രാജസ്ഥാനില്‍ നിന്നാണ് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആടുകള്‍ കയറ്റുമതി ചെയ്യുന്നത്. വില കൂടുതലാണെങ്കിലും സ്വാദിഷ്ടമായ മാംസമുള്ള ഇന്ത്യന്‍ ആടുകള്‍ ബലിപെരുന്നാള്‍ ഭക്ഷണത്തിലെ പ്രധാന ഇനമാണ്.

ചൂടുകാലമായതിനാല്‍ വിമാനം വഴി മാത്രമേ ഇന്ത്യന്‍ അധികൃതര്‍ ആടുകളുടെ കയറ്റുമതി അനുവദിക്കുന്നുള്ളൂ. അതിനാല്‍ ഇത്തവണ വിലകയറിയിട്ടുണ്ട്. കടല്‍മാര്‍ഗം വരികയാണെങ്കില്‍ വില 30% കുറയും. സാധാരണ ഈ സമയം എത്തേണ്ടുന്ന ആടുകളില്‍ ചെറിയൊരു ശതമാനം മാത്രമേ ഇപ്പോള്‍ വിപണിയിലെത്തിയിട്ടുള്ളൂ. എല്ലാ വര്‍ഷവും ജൂണ്‍ ഒന്നു മുതല്‍ ഓഗസ്റ്റ് 31 വരെ ഇന്ത്യയില്‍ വര്‍ഷകാല കന്നുകാലി കയറ്റുമതി നിരോധനം ഏര്‍പ്പെടുത്താറുണ്ടെങ്കിലും ബലിപെരുന്നാള്‍ പ്രമാണിച്ച് ഇപ്രാവശ്യം അതുണ്ടായിട്ടില്ല.

ഇന്ത്യയോടൊപ്പം, ഗള്‍ഫ് വിപണിയില്‍ സൊമാലിയ, ഇറാന്‍, സുഡാന്‍, പാക്കിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നാണ് കൂടുതല്‍ ആടുകള്‍ എത്താറുള്ളത്. ഇത്തവണ ഇവിടങ്ങളില്‍ നിന്നുള്ള കയറ്റുമതി കുറവാണ്. മറ്റൊരു പ്രധാന ഇനം സ്വദേശി, സൗദി ആടുകളാണ്. ഇന്ത്യന്‍ ആടുകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഈ ആടുകളുടെ വലുപ്പം വളരെ ചെറുതാണ്. അതിനാല്‍ തന്നെ വിപണിയില്‍ ഡിമാന്‍ഡും വളരെ കുറവാണ്.

Top