ഇന്ന് ചെറിയ പെരുന്നാള്‍; ആഘോഷം വീടുകളില്‍

തിരുവനന്തപുരം: ഇന്ന് ചെറിയ പെരുന്നാള്‍, ആഘോഷം വീടുകളിലാക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തില്‍ കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ ചെറിയ പെരുന്നാള്‍ ആഘോഷം വീടുകളിലാക്കണമെന്ന് അഭ്യര്‍ത്ഥിച്ച് മുഖ്യമന്ത്രി. നോമ്പുകാലത്ത് കാട്ടിയ കരുതല്‍ പെരുന്നാള്‍ ദിനത്തിലും തുടരണമെന്നും പെരുന്നാള്‍ നമസ്‌കാരം വീടുകളില്‍ നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മഹാമാരിയുടെ കാലത്തും വിശ്വാസ ലോകമാകെ 30 ദിവസം നീണ്ട വ്രതാനുഷ്ഠാനത്തിന്റെ ആഹ്ലാദത്തിലാണ്. എല്ലാവര്‍ക്കും പെരുന്നാള്‍ ആശംസകള്‍. മാനവികതയുടെ, ഒരുമയുടെ, സഹാനുഭൂതിയുടെ ദാനധര്‍മ്മങ്ങളുടെ ഏറ്റവും ഉദാത്തമായ ആശയമാണ് ചെറിയ പെരുന്നാള്‍. ഒത്തുചേരലുകളും സന്തോഷം പങ്കുവെക്കലും പെരുന്നാളില്‍ പ്രധാനമാണെന്നും അദ്ദേഹം ആശംസിച്ചു. നോമ്പുകാലത്ത് നിയന്ത്രണങ്ങള്‍ പൂര്‍ണമായി പാലിച്ച മുഴുവന്‍ സഹോദരങ്ങളെയും അഭിവാദ്യം ചെയ്യുന്നു എന്നും മുഖ്യമന്ത്രി പറഞ്ഞു.

കഴിഞ്ഞ വര്‍ഷവും കൊവിഡ് കാലത്തായിരുന്നു റംസാന്‍. അപ്പോള്‍ വീടുകളില്‍ പ്രാര്‍ത്ഥന നടത്തി കൊവിഡ് പ്രതിരോധത്തോട് സഹകരിച്ചു. ഇത്തവണ കൊവിഡ് കൂടുതല്‍ രൂക്ഷമാണ്. ഈദ് ദിന പ്രാര്‍ത്ഥന വീട്ടില്‍ നടത്തുന്നതടക്കമുള്ള സ്വയം നിയന്ത്രണം പാലിക്കണം. ചെറിയ പെരുന്നാളിനോട് അനുബന്ധിച്ച പ്രാര്‍ത്ഥന വീടുകളില്‍ നടത്താന്‍ തീരുമാനിച്ച സഹോദരങ്ങളോട് പ്രത്യേകം നന്ദി അറിയിക്കുന്നു. വ്രതാനുഷ്ഠാനത്തിലൂടെ ആര്‍ജിച്ച സ്വയം നവീകരണം മുന്നോട്ടുള്ള ജീവിതത്തില്‍ കുടുംബത്തിനും സമൂഹത്തിനും ഒരുപോലെ പ്രയോജനപ്പെടട്ടെ എന്നും മുഖ്യമന്ത്രി കൂട്ടിചേര്‍ത്തു.

Top