വാഹന രജിസ്‌ട്രേഷന്‍ കാലാവധി പത്തുവര്‍ഷമായി കുറയ്ക്കുമെന്ന് ഗതാഗത വകുപ്പ്

പെട്രോള്‍, ഡീസല്‍ വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ കാലാവധി പത്തുവര്‍ഷമായി കുറയ്ക്കാന്‍ തീരുമാനിച്ച് സംസ്ഥാന സര്‍ക്കാര്‍. പരിസ്ഥിതി സൗഹൃദ വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി വൈദ്യുത വാഹനങ്ങള്‍ക്ക് രജിസ്‌ട്രേഷന്‍ കാലാവധി നിശ്ചയിക്കില്ലെന്നും ഗതാഗത സെക്രട്ടറി കെ എല്‍ ജ്യോതിലാല്‍ വ്യക്തമാക്കി.

നിലവില്‍ സ്വകാര്യ വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ കാലാവധി 15 വര്‍ഷമാണ്. ഈ കാലാവധി കഴിഞ്ഞാല്‍ രജിസ്‌ട്രേഷന്‍ അഞ്ചു വര്‍ഷത്തേക്ക് പുതുക്കണമെന്നാണ് ചട്ടം. 2022 ല്‍ വൈദ്യുത വാഹന നയം രൂപവത്കരിക്കുമെന്നും നികുതിയിളവും പൊതു ചാര്‍ജ്ജിംഗ് സംവിധാനങ്ങള്‍ സംസ്ഥാനമെങ്ങും ഒരുക്കുമെന്നും സര്‍ക്കാര്‍ മുമ്പ് പ്രഖ്യാപിച്ചിരുന്നു. അടുത്ത അഞ്ച് വര്‍ഷത്തിനകം സംസ്ഥാനം പൂര്‍ണ്ണമായും വൈദ്യുത വാഹനങ്ങളിലേക്ക് കടക്കുമെന്നും ഗതാഗത വകുപ്പ് അറിയിച്ചു.

രജിസ്‌ട്രേഷന്‍ കാലാവധി പരിമിതപ്പെടുത്തുമ്പോള്‍ പഴയ പെട്രോള്‍, ഡീസല്‍ വാഹനങ്ങളുടെ ഭാവി സംബന്ധിച്ച കാര്യങ്ങളില്‍ സര്‍ക്കാരിന് തീരുമാനമെടുക്കേണ്ടതായുണ്ട്. ഇന്ത്യയില്‍ വൈദ്യുത വാഹനങ്ങള്‍ക്ക് വ്യാപക പ്രചാരം ലഭിക്കുന്നതോടെ ഇന്ധന ഇറക്കുമതി ചിലവില്‍ ഏകദേശം 3.85 ലക്ഷം കോടി രൂപ ലാഭം നേടാനാവുമെന്ന് നീതി ആയോഗ് നേരത്തെ പ്രതീക്ഷ പ്രകടിപ്പിച്ചിരുന്നു. വൈദ്യുത വാഹന നിര്‍മ്മാണവും അനുബന്ധ അടിസ്ഥാന സൗകര്യ വികസനത്തിലും നിക്ഷേപം നടത്താന്‍ ധാരാളം ദേശീയ, വിദേശീയ കമ്പനികള്‍ ഇതിനോടകം മുന്നോട്ടു വന്നുകഴിഞ്ഞു. നിലവില്‍ മഹീന്ദ്ര മാത്രമാണ് വിപണിയില്‍ പൂര്‍ണ്ണ വൈദ്യുത വാഹനങ്ങള്‍ വില്‍ക്കുന്നത്.

Top