ഇസ്രായേലും ഹമാസും നിലപാട് കടുപ്പിച്ചതോടെ ഖത്തറിന്റെയും ഈജിപ്തിന്റെയും വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ വഴിമുട്ടി

സ്രായേലും ഹമാസും നിലപാട് കടുപ്പിച്ചതോടെ ഖത്തറിന്റെയും ഈജിപ്തിന്റെയും മധ്യസ്ഥതയില്‍ നടന്ന വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ വഴിമുട്ടി. ലക്ഷ്യം നേടും വരെ ആക്രമണം തുടരുമെന്ന് നെതന്യാഹു അറിയിച്ചു. അവശേഷിച്ച ബന്ദികളെ വിടണമെങ്കില്‍ അധിനിവേശം അവസാനിപ്പിക്കണമെന്ന് ഹമാസ്.

ബന്ദികളെ മോചിപ്പിക്കുന്നതുമായി സംബന്ധിച്ച ചര്‍ച്ചയില്‍ ഹമാസ് മുന്നോട്ടു വെച്ച പുതിയ നിബന്ധനകള്‍ സ്വീകാര്യമല്ലെന്നാണ് ഇസ്രായേല്‍ വാദം. അതേ സമയം വെടിനിര്‍ത്തല്‍ ചര്‍ച്ച പൂര്‍ണമായും ഉപേക്ഷിച്ചിട്ടില്ലെന്ന് ഖത്തറും ഈജിപ്തും അറിയിച്ചു. ഗസ്സ കുട്ടികള്‍ക്ക് ലോകത്തെ അപകടകരമായ ഇടമായി മാറിയെന്ന് യൂനിസെഫ് പറഞ്ഞു.

ഗസ്സയില്‍ ആക്രമണം പുനരാരംഭിച്ച രണ്ടാം ദിവസമായ ഇന്നലെയും നൂറുകണക്കിന് ഫലസ്തീനികള്‍ കൊല്ലപ്പെട്ടു. ഇസ്രായേല്‍തുടരുന്ന കനത്ത വ്യോമാക്രമണത്തില്‍ തെക്കന്‍ ഗസ്സയില്‍ മരണം 193 ആയി. 650 പേര്‍ക്ക് പരിക്കേറ്റു. 24 മണിക്കൂറിനിടെ 400 ഇടങ്ങളില്‍ ബോംബിട്ടതായി ഇസ്രായേല്‍ സേന അറിയിച്ചു.

ഇതോടെ ഗസ്സയിലെ ആകെ മരണം 15,200 കടന്നു. ഖാന്‍ യൂനുസില്‍ നിന്ന് ജനങ്ങളോട് റഫയിലേക്ക് ഒഴിഞ്ഞുപോകാന്‍ ആവശ്യപ്പെട്ടതിനു പിന്നാലെയാണ് കനത്ത ബോംബാക്രമണം. അതിനിടെ, യുദ്ധം അവസാനിപ്പിക്കാന്‍ ഖത്തറില്‍ തുടര്‍ന്ന മധ്യസ്ഥ ചര്‍ച്ചയില്‍ നിന്ന് ഇസ്രായേലും ഹമാസും ഏറെക്കുറെ പിന്മാറി. മൊസാദ് പ്രതിനിധികള്‍ ഉള്‍പ്പെടെ ഇസ്രായേല്‍ സംഘം ദോഹയില്‍ നിന്ന് മടങ്ങി.

Top