ക്രിസ്ത്യന്‍ ഡെമോക്രാറ്റിക് യൂണിയന്റെ അദ്ധ്യക്ഷ പദവിയില്‍ ഇനി അന്നെഗ്രെട്ടെ

ബര്‍ലിന്‍ : ക്രിസ്ത്യന്‍ ഡെമോക്രാറ്റിക് യൂണിയ(സിയുഡി)ന്റെ അധ്യക്ഷപദവിയില്‍നിന്നും പടിയിറങ്ങി ജര്‍മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കല്‍. ഇനി പാര്‍ട്ടിയെ നയിക്കുന്നത് ‘മിനി മെര്‍ക്കല്‍’ എന്നറിയപ്പെടുന്ന അന്നെഗ്രെട്ടെ ക്രാമ്പ് കാരന്‍ ബൗവര്‍. സിയുഡിയുടെ ജനറല്‍ സെക്രട്ടറിയായിരുന്നു അന്നെഗ്രെട്ടെ.

ദൃഢനിശ്ചയം, മൃദുഭാഷണം, രാഷ്ട്രീയ പ്രതിസന്ധികള്‍ക്കു പരിഹാരം കാണല്‍ തുടങ്ങിയ കാര്യങ്ങളില്‍ മെര്‍ക്കലിനോട് അസാധാരണ സാദൃശ്യമുണ്ട് അന്നെഗ്രെട്ടെയ്ക്ക്. ഹാംബുര്‍ഗില്‍ നടന്ന പാര്‍ട്ടിയുടെ പ്രത്യേക സമ്മേളനത്തില്‍ നേരിയ വ്യത്യാസത്തിലാണ് അന്നെഗ്രെട്ടെ തെരഞ്ഞെടുക്കപ്പെട്ടത്. 51.75 ശതമാനം വോട്ടാണ് കിട്ടിയത്. ആരോഗ്യമന്ത്രി സ്റ്റെഫാന്‍ സ്ഫാന്‍, മുന്‍ നേതാവായ ഫ്രീഡ്രിച്ച് മെര്‍സ് എന്നിവരായിരുന്നു എതിരാളികള്‍.

2021ലെ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ നയിക്കുക അമ്പത്താറുകാരിയായ അന്നെഗ്രെട്ടെയായിരിക്കുമെന്നാണ് വിലയിരുത്തല്‍. പാര്‍ട്ടിക്കു ഭൂരിപക്ഷം കിട്ടിയാല്‍ അടുത്ത ചാന്‍സലറാകും. അന്നെഗ്രെട്ടെ മൂന്നു മക്കളുടെ അമ്മയാണ്. ക്രൈസ്തവ മൂല്യങ്ങള്‍ മുറുകെപ്പിടിക്കുന്ന അവര്‍ ഗര്‍ഭച്ഛിദ്രത്തിനെതിരേ നിരവധി സമരങ്ങള്‍ സംഘടിപ്പിച്ചിട്ടുണ്ട്.

.

Top