സംസ്ഥാന സര്‍ക്കാരിനെ വെട്ടിലാക്കി പുതിയ സിഡിറ്റ് ഡയറക്ടറുടെ നിയമന വിവാദം

തിരുവനന്തപുരം: വിവാദത്തിലായി പുതിയ സി-ഡിറ്റ് ഡയറക്ടറുടെ നിയമനം. മുന്‍ എം പി ടി എന്‍ സീമയുടെ ഭര്‍ത്താവ് ജി ജയരാജനെയാണ് സി-ഡിറ്റ് ഡയറക്ടറാക്കി നിയമച്ചിരിക്കുന്നത്. പ്രതിമാസം ഒന്നര ലക്ഷം രൂപ ശമ്പളത്തിലാണ് നിയമനം നടത്തിയിരിക്കുന്നത്. ഭരണാനുകൂല സംഘടനയുടെ എതിര്‍പ്പ് മറികടന്നാണ് നിയമനം. നേരത്തെ സി-ഡിറ്റ് രജിസ്ട്രാറായിരുന്നു ജയരാജന്‍, ഈ നിയമനവും വിവാദമായിരുന്നു.

പുനര്‍നിയമനവ്യവസ്ഥ പ്രകാരം ജി. ജയരാജിനെ ഒരു വര്‍ഷത്തേക്കു നിയമിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. ഉത്തരവിറങ്ങിയതിന്റെ അടിസ്ഥാനത്തില്‍ ജയരാജ് ഇന്നലെ ഡയറക്ടറായി ചുമതലയെടുക്കുകയും ചെയ്തു. വിപുലമായ പ്രവൃത്തിപരിചയവും സ്ഥാപനത്തിന്റെ പ്രവര്‍ത്തനമേഖലയിലുള്ള അവഗാഹവും കണക്കിലെടുത്താണു നിയമനമെന്ന് ഉത്തരവില്‍ പറയുന്നു. ജയരാജ് റജിസ്ട്രാര്‍ ആയിരുന്ന കാലത്താണ് സിഡിറ്റിന്റെ സുപ്രധാന പദ്ധതികള്‍ പലതും പുറംകരാര്‍ നല്‍കിയത്.

ഇങ്ങനെ സിഡിറ്റിന്റെ സാമ്പത്തിക അടിത്തറ തകര്‍ത്തയാളെ ഡയറക്ടറാക്കരുതെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് അനുകൂല സംഘടനയായ സിഡിറ്റ് എംപ്ലോയീസ് ഓര്‍ഗനൈസേഷന്‍ മുഖ്യമന്ത്രിക്കും ചീഫ് സെക്രട്ടറിക്കും കത്തു നല്‍കിയിരുന്നു. സിഡിറ്റിന്റെ നിയമാവലി പ്രകാരം ഭരണസമിതി നിര്‍ദേശിക്കുന്ന പാനലില്‍ നിന്നു മാത്രമേ സര്‍ക്കാരിന് ഡയറക്ടറെ നിയമിക്കാനാകൂ. ജയരാജിന് സിഡിറ്റ് നിയമാവലി അനുശാസിക്കുന്ന യോഗ്യതയില്ലെന്നും കത്തിലുണ്ടായിരുന്നു.

ഡയറക്ടറുടെ യോഗ്യത സംബന്ധിച്ച മാനദണ്ഡങ്ങള്‍ മാറ്റാന്‍ ഗവേണിങ് ബോഡി യോഗം അനുമതി നല്‍കിയെന്ന് ജയരാജ് സിഡിറ്റ് റജിസ്ട്രാറായിരിക്കെ സര്‍ക്കാരിനയച്ച കത്തില്‍ പറയുന്നു. എന്നാല്‍ ഗവേണിങ് ബോഡി ഇങ്ങനെയൊരു തീരുമാനമെടുത്തിട്ടില്ലെന്നാണ് സിഡിറ്റ് എംപ്ലോയീസ് ഓര്‍ഗനൈസേഷന്‍ ആരോപണം

രജിസ്ട്രാറായിരുന്നപ്പോള്‍ ജയരാജന്‍ ഡയറക്ടറുടെ യോഗ്യതയില്‍ മാറ്റം വരുത്തിയെന്ന് ആരോപണം ഉയര്‍ന്നിരുന്നതാണ്. സ്വന്തം യോഗ്യതകള്‍ക്കനുസരിച്ച് ഡയറക്‌റുടെ യോഗ്യത നിശ്ചയിച്ച് ഗവേണിംഗ് ബോര്‍ഡില്‍ അവതരിപ്പിച്ച് അംഗീകരിപ്പിച്ചുവെന്നായിരുന്നുവെന്നാണ് ആരോപണം.

Top