ആരാധകര്‍ക്ക് നിരാശ; ‘എന്നൈ നോക്കി പായും തോട്ട’ റിലീസ് വീണ്ടും മാറ്റി

നുഷ് ആരാധകര്‍ ആകാഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് എന്നൈ നോക്കി പായും തോട്ടയുടെ റിലീസ് തിയതി മാറ്റിയതായി റിപ്പോര്‍ട്ട്. സാമ്പത്തിക പ്രശ്‌നങ്ങളും കോടതി നടപടികളും റിലീസിനു തടസമായെന്നാണ് റിപ്പോര്‍ട്ട്. നാളെയാണ് ചിത്രം റിലീസ് ചെയ്യാനിരുന്നത്. പുതിയ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചിട്ടില്ല.

ചിത്രത്തിലെ ‘മറു വാര്‍ത്തൈ പേസാതെ’ എന്ന ഗാനം പുറത്തു വിട്ടിട്ട് രണ്ടു വര്‍ഷത്തോളമായിട്ടും ഇതുവരെ ചിത്രം ഇതുവരെ റിലീസിനെത്താത്തതിന്റെ നിരാശയിലാണ് ആരാധകര്‍. ചിത്രം പാതിവഴിയില്‍ ഉപേക്ഷിച്ചതായ വാര്‍ത്തകളടക്കം പരന്നിരുന്നു. ചിത്രത്തിന്റെ സംവിധായകനായ ഗൗതം മേനോനെതിരേയും പല ആരോപണങ്ങളും ഉയര്‍ന്നിരുന്നു. എന്നാല്‍ സിനിമയ്ക്കകത്തെ കച്ചവടത്തിന്റെ ഇരയാണ് താനെന്നും പ്രതീക്ഷിക്കാത്ത കാര്യങ്ങളാണ് നടന്നതെന്നും അദ്ദേഹം വ്യക്തമാക്കി രംഗത്തു വന്നിരുന്നു.

സിനിമ ചെയ്യുന്നത് തന്റെ ജോലിയാണ്, അത് തീര്‍ക്കുന്നത് വരെ തന്നെ വെറുതെ വിടണമെന്നും റിലീസിന് ശേഷം അത് നല്ലതാണോ ചീത്തയാണോ എന്ന കാര്യത്തെക്കുറിച്ച് നിങ്ങള്‍ക്ക് പറയാമെന്നും അദ്ദേഹം പ്രതികരിച്ചിരുന്നു.

ലൈക്ക പ്രൊഡക്ഷന്‍സും കെ പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് എന്നൈ നോക്കി പായും തോട്ടയുടെ വിതരണാവകാശം നേടിയിരുന്നത്. എന്നാല്‍, ബാഹുബലിയുടെ തമിഴ് പതിപ്പ് വിതരണത്തിനെടുത്ത കെ പ്രൊഡക്ഷന്‍സ് ഇനിയും കുടിശിക കൊടുത്തു തീര്‍ത്തില്ലെന്ന് കാണിച്ച് സിനിമയുടെ നിര്‍മാതാക്കളായിരുന്ന അര്‍ക്ക പ്രൊഡക്ഷന്‍സ് കോടതിയെ സമീപിച്ചതോടെ റിലീസ് അനിശ്ചിതത്വത്തിലായി. കോടതി ഉത്തരവ് നിലനില്‍ക്കുന്നതിനാല്‍ ചിത്രം നാളെ റിലീസ് ചെയ്യാന്‍ സാധ്യതയില്ലെന്നാണ് അര്‍ക്ക മീഡിയ പറയുന്നത്.

28 കോടി രൂപയ്ക്ക് തമിഴ് വിതരണാവകാശം സ്വന്തമാക്കിയ കെ പ്രൊഡക്ഷന്‍സ് 12.5 കോടി രൂപ മാത്രമാണ് അര്‍ക്ക മീഡിയക്ക് നല്‍കിയത്. ഇതിനോടൊപ്പം വിജയ് സേതുപതി ചിത്രം സിന്ധുബാദിനും സമാനമായ പ്രശ്‌നം ഉണ്ടായിരുന്നു. ഇതും ചേര്‍ന്ന് 17.6 കോടി രൂപയാണ് കെ പ്രൊഡക്ഷന്‍സ് നല്‍കാനുണ്ടായിരുന്നത്.ഇതില്‍ തീര്‍പ്പാകുന്നതു വരെ ചിത്രം റിലീസാവാനിടയില്ല.സിന്ധുബാദിന്റെ സാമ്പത്തിക പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെട്ട് ചിത്രം റിലീസായെങ്കിലും എന്നൈ നോക്കി പായും തോട്ട വൈകുമെന്ന് ഉറപ്പാണ്‌

2016ലായിരുന്നു സിനിമയുടെ ഷൂട്ടിങ്ങ് ആരംഭിച്ചത്. മേഘാ ആകാശാണ് ചിത്രത്തിലെ നായിക. ജോമോന്‍ ടി ജോണും മനോജ് പരമഹംസയും ചേര്‍ന്ന് ഛായാഗ്രഹണവും ധര്‍ബുക ശിവ സംഗീത സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്‌.അശ്വിന്‍ കുമാര്‍,സെന്തില്‍ വീരസ്വാമി തുടങ്ങിയവരാണ് സിനിമയിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Top