മോഷണത്തിന് വെല്ലുവിളിയായ സിസിടിവി മോഷ്ടിച്ച യുവാക്കള്‍ക്ക് പണി കൊടുത്ത് മറ്റൊരു സിസിടിവി

ബാലരാമപുരം: മോഷണത്തിന് വെല്ലുവിളിയായ സിസിടിവി മോഷ്ടിക്കാന്‍ ശ്രമിച്ച രണ്ടുപേരെ മറ്റൊരു സിസിടിവിയില്‍ നിന്ന് പിടികൂടി. തിരുവനന്തപുരം തേമ്പാമുട്ടത്താണ് സംഭവം. കള്ളന്മാരുടെ ശല്യം രൂക്ഷമായ ഇവിടെ ഒരുമ റസിഡന്റ് അസോസിയേഷനാണ് സിസിടിവി സ്ഥാപിച്ചത്. ഇതില്‍ ഒരെണ്ണം കള്ളന്മാര്‍ അഴിച്ചുമാറ്റുന്നതിനിടയിലാണ് രണ്ടാമത്തെ സിസിടിവിയില്‍ കുടുങ്ങിയത്.

ഒരുമ റസിഡന്റ് അസോസിയേഷന്റെ പരാതിയെ തുടര്‍ന്ന് ബാലരാമപുരം തലയല്‍ ഇടക്കോണം തോട്ടിന്‍കര വീട്ടില്‍ അനി, തേമ്പാമുട്ടം പണയില്‍ പുത്തന്‍ വീട്ടില്‍ രാജേഷ് എന്നിവരെയാണ് സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ പൊലീസ് പിടികൂടിയത്.

സിസിടിവി ക്യാമറ നീക്കം ചെയ്ത ശേഷം വരും ദിവസങ്ങള്‍ മറ്റ് മോഷണങ്ങള്‍ നടത്താനായിരുന്നു ഇവരുടെ പദ്ധതി. ജനുവരി 20നാണ് ഇവര്‍ സിസിടിവി മോഷ്ടിച്ചത്.

Top