മാലമോഷ്ടാവ് സിസിടിവിയില്‍ കുടുങ്ങി; മോഷ്ടിച്ചത് മുക്കുപണ്ടമെന്ന് വയോധിക

മലയിന്‍കീഴ്: മാല മോഷണക്കേസില്‍ മോഷ്ടാക്കള്‍ കവര്‍ന്നത് മുക്കുപണ്ടമാണെന്നു വ്യക്തമാക്കി വയോധിക. ബൈക്കില്‍ വഴി ചോദിച്ചെത്തിയ മോഷ്ടാവ് വയോധികയുടെ മാല കവര്‍ന്ന് രക്ഷപ്പെുകയായിരുന്നു. ഇയാള്‍ മാലപൊട്ടിക്കുന്ന ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞിരുന്നു. തുടര്‍ന്നു നടന്ന അന്വേഷണത്തിലാണ് മാല മുക്കുപണ്ടമാണെന്ന് വ്യക്തമായത്.

തിരുവനന്തപുരം മലയിന്‍കീഴ് ഗോവിന്ദമംഗലത്താണ് സംഭവം. ബൈക്കിലെത്തി മോഷ്ടാക്കള്‍ മാല മോഷ്ടിക്കുന്ന സംഭവം പതിവായതോടെയാണ് ഗോവിന്ദമംഗലത്ത് ജനകീയ സമതി സിസിടിവികള്‍ സ്ഥാപിച്ചത്. സിസിടിവി വച്ചതിന് പിന്നാലെ രണ്ട് ആഴ്ച കൊണ്ട് രണ്ട് മോഷ്ടാക്കളാണ് സിസിടിവിയില്‍ കുടുങ്ങിയത്.

പ്രതികളെക്കുറിച്ചുള്ള സൂചന ക്യാമറ ദൃശ്യങ്ങളില്‍ വ്യക്തമായിട്ടും പൊലീസിന് ആരെയും പിടികൂടാനായില്ലെന്നാണ് നാട്ടുകാരുടെ പരാതി. ഇത്തരത്തില്‍ ഒടുവില്‍ നടന്ന സംഭവമാണ് ഗോവിന്ദമംഗലം ജംഗ്ഷനു സമീപം കഴിഞ്ഞ ബുധനാഴ്ച വയോധികയുടെ മാല സ്‌കൂട്ടറില്‍ എത്തിയയാള്‍ പൊട്ടിച്ചെടുത്തു കടന്നത്. ഹെല്‍മറ്റ് ധരിച്ച് സ്‌കൂട്ടറില്‍ വന്നയാള്‍ വയോധികയോട് സംസാരിക്കുന്നതും അടുത്ത് ആരും ഇല്ലെന്ന് ഉറപ്പാക്കിയ ശേഷം മാല പൊട്ടിച്ചു രക്ഷപ്പെടുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്.

എന്നാല്‍ പൊട്ടിച്ചെടുത്തത് മുക്കുപണ്ടം ആയതിനാല്‍ വയോധിക പരാതി നല്‍കാന്‍ തയാറായില്ല. നരുവാംമൂട് പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം നടന്നത്. മോഷ്ടാവിനെക്കുറിച്ച് അന്വേഷണം നടത്തണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടെങ്കിലും പൊലീസ് മുഖവിലക്കെടുത്തില്ലെന്നും ആരോപണം ഉയരുന്നുണ്ട്.

Top