ഖഷോഗിയുടെ ശരീരാവശിഷ്ടങ്ങള്‍ അടങ്ങിയ ബാഗിന്റെ ദൃശ്യങ്ങള്‍ പുറത്ത്

റിയാദ്: മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗിയുടെ ശരീരാവശിഷ്ടങ്ങളടങ്ങിയത് എന്ന് സംശയിക്കുന്ന ബാഗുമായി ചിലര്‍ നില്‍ക്കുന്ന വീഡിയോ ദൃശ്യം പുറത്ത്. തുര്‍ക്കി ടിവി ചാനല്‍ ആഹബറിലൂടെയാണ് പുറത്തായത്.

ഇസ്താംബുളില്‍ സൗദി കോണ്‍സുലേറ്റിന്റെ നൂറുമീറ്റര്‍ അകലെ ബാഗുമായി സൗദി കൊലപാതക സംഘത്തിലുള്ളവര്‍ എന്നു കരുതുന്നവര്‍ നില്‍ക്കുന്ന ദൃശ്യങ്ങളാണെന്നാണ് റിപ്പോര്‍ട്ടുകള്‍. മൂന്ന് പേര്‍ അഞ്ച് ബാഗുകളും വലിയ വേറെ രണ്ട് ബാഗുകളുമായി സൗദി കോണ്‍സുലേറ്റിന് സമീപം നില്‍ക്കുന്നതാണ് ദൃശ്യങ്ങളില്‍ കാണുന്നത്.

അന്വേഷണസംഘം പരിശോധന നടത്തിയെങ്കിലും ബാഗുകള്‍ കണ്ടെത്താനായില്ല. സൗദികോണ്‍സുലേറ്റില്‍ വെച്ചാണ് ഖഷോഗി കൊല്ലപ്പെട്ടത്. മൃതദേഹം കഷ്ണങ്ങളാക്കി മുറിച്ചുവെന്ന് കണ്ടെത്തിയിരുന്നു. എന്നാല്‍ കാണ്‍സുലേറ്റിലെ ഉദ്യോഗസ്ഥരുമായുള്ള തര്‍ക്കത്തിനിടെയാണ് ഖഷോഗി കൊല്ലപ്പെട്ടതെന്നായിരുന്നു സൗദിയുടെ വിശദീകരണം.

ഒക്ടോബര്‍ 21നാണ് ഖഷോഗി കൊല്ലപ്പെട്ടു എന്ന് സൗദി വിദേശകാര്യമന്ത്രാലയം ആദ്യമായി സ്ഥിരീകരിച്ചത്. പിന്നാലെ രണ്ടു മുതിര്‍ന്ന ഉദ്യോഗസ്ഥരെ പുറത്താക്കി. കൊലപാതകത്തില്‍ പങ്കുണ്ടെന്നാരോപിച്ച 18 പേരെ അറസ്റ്റ് ചെയ്തു. എന്നിട്ടും മൃതദേഹം എവിടെയെന്നോ, ആരാണ് കൃത്യം നടത്തിയതെന്നോ വിശ്വസനീയമായ ഒരു വിശദീകരണവുമുണ്ടായിരുന്നില്ല.

Top