മോഷണം തടയാനായി വെച്ച സിസിടിവി ക്യാമറകള്‍ അടിച്ചു മാറ്റി കള്ളൻ മുങ്ങി

cctv1

കോട്ടയം: മോഷണം തടയാനായി സ്‌കൂളില്‍ വെച്ച സിസിടിവി ക്യാമറകള്‍ കള്ളന്‍ മോഷ്ടിച്ചു. കോട്ടയം ജില്ലയിലെ പുത്തന്‍പുറത്തുള്ള ബ്ലോസം വാലി സ്‌കൂള്‍ ഓഫ് ഏയ്ഞ്ചല്‍സില്‍ നിന്നാണ് കള്ളന്‍ സിസിടിവി മോഷ്ടിച്ചത്. കഴിഞ്ഞ മാസം ഇവിടെ മോഷണ ശ്രമം ഉണ്ടായതിനെ തുടര്‍ന്നാണ് നിരീക്ഷണത്തിനായി ക്യാമറ സ്ഥാപിച്ചിരുന്നത്.

നാല് ക്യാമറകളാണ് സ്‌കൂള്‍ അധികൃതര്‍ സ്ഥാപിച്ചിരുന്നത്. ഇതില്‍ രണ്ടെണ്ണം മുകളിലേക്ക് തിരിച്ച് വയ്ക്കുകയും ചെയ്തുവെന്ന് പരാതിയില്‍ പറയുന്നു. അതേസമയം മുഖംമൂടി ധരിച്ചെത്തിയ ചെറുപ്പക്കാരനായ യുവാവിന്റെ ദൃശ്യം പുറത്തെ ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. കഴിഞ്ഞ മാസം നടന്ന മോഷണത്തിന്റെ അന്വേഷണം നടക്കുന്നതിനിടെയാണ് വീണ്ടും മോഷണം നടന്നിരിക്കുന്നത്.

ഓഗസ്റ്റിൽ സ്കൂളിൻ്റെ ഗേറ്റും താഴും കതകിൻ്റെ പൂട്ടുകളും തകർത്ത് അകത്തു കടന്നായിരുന്നു മോഷണം. മുറിയിലെ സാധനങ്ങൾ വാരിവലിച്ചിട്ട മോഷ്ടാവ് കുറച്ച് പണവും ലാപ്‌ടോപ്പും കവർന്നിരുന്നു. ഓഫീസിൻ്റെ പൂട്ടു തുറക്കാൻ മോഷ്ടാവ് ശ്രമം നടത്തിയെങ്കിലും അതിനു സാധിച്ചിരുന്നില്ല.

Top