കൊറോണ വൈറസിനെ വളര്‍ത്തി പ്രതിരോധ മരുന്നുകള്‍ പരീക്ഷിക്കാനൊരുങ്ങി സിസിഎംബി

ഹൈദരാബാദ്: ലോകമാകെ പടര്‍ന്ന് പിടിക്കുന്ന കൊറോണ വൈറസിനെ മനുഷ്യകോശങ്ങളില്‍ വളര്‍ത്തി പ്രതിരോധ മരുന്നുകള്‍ പരീക്ഷിക്കാനൊരുങ്ങി സെന്റര്‍ ഫോര്‍ സെല്ലുലാര്‍ ആന്‍ഡ് മോളിക്യുലാര്‍( സിസിഎംബി) ബയോളജി.

മനുഷ്യന്റെ ശ്വാസകോശത്തിലെ എപ്പിത്തീലിയല്‍ കോശങ്ങളിലാണ് കൊറോണ വൈറസിനെ വളര്‍ത്തിയെടുക്കാന്‍ സിസിഎംബി തയ്യാറെടുക്കുന്നത്. ബെംഗളൂരുവിലെ സ്വകാര്യ ഗവേഷണസ്ഥാപനമായ ഐസ്റ്റെമുമായി ചേര്‍ന്നാണ് പഠനം നടത്തുന്നത്.

കോവിഡിനെതിരെ തയ്യാറാക്കുന്ന മരുന്നുകളും വാക്‌സിനുകളും പരീക്ഷിക്കാന്‍ ഇത്തരത്തിലൊരു പഠനം സഹായകമാകുമെന്ന് സിസിഎംബി പറയുന്നു. ഐസ്റ്റെമില്‍ നിന്ന് ലഭ്യമാക്കുന്ന എപ്പിത്തീലിയല്‍ കോശങ്ങളില്‍ വൈറസിനെ വളര്‍ത്തി കൊറോണവൈറസിന്റെ തന്മാത്രാപരവും രോഗനിദാനപരവുമായ പ്രത്യേകതകള്‍ തിരിച്ചറിയാനുള്ള ശ്രമമാണ് ഈ പഠനത്തിലൂടെ ലക്ഷ്യമിടുന്നത്.

അതേസമയം, മനുഷ്യശരീരത്തിന് പുറത്ത് വൈറസിനെ വളര്‍ത്തിയെടുക്കുന്നതില്‍ സാങ്കേതിക വിഷമതകളുണ്ടെന്ന് സിസിഎംബി ഡയറക്ടര്‍ ഡോ. രാകേഷ് മിശ്ര പറഞ്ഞു. എപ്പിത്തീലിയല്‍ കോശങ്ങളിലെ എസിഇ2 ആന്റിബോഡികളും മറ്റു ജീനുകളുമാണ് സാര്‍സ് കോവ് 2 വൈറസുകളുടെ പ്രവേശനവും ഇരട്ടിപ്പും നിര്‍ണയിക്കുന്നത്.

ശ്വാസകോശങ്ങളിലെ എപ്പിത്തീലിയല്‍ കോശങ്ങളില്‍ വൈറസിനെ വളര്‍ത്തിയെടുത്ത് പഠനങ്ങള്‍ നടത്തുന്നത് വൈറസിനെതിരെയുള്ള പരീക്ഷണങ്ങള്‍ക്ക് ആക്കം കൂട്ടാന്‍ സഹായകമാകുമെന്ന് ഡോ. രാകേഷ് മിശ്ര പറയുന്നു. ഡോ. കൃഷ്ണന്‍ ഹര്‍ഷന്റെ നേതൃത്വത്തിലുള്ള സംഘം വൈറസിനെ വളര്‍ത്തിയെടുത്ത ശേഷം പ്രതിരോധ മരുന്നുകളുടെ പരീക്ഷണം ആരംഭിക്കുമെന്ന് ഡോ. മിശ്ര കൂട്ടിച്ചേര്‍ത്തു.

ആവശ്യമായ അളവില്‍ വൈറസിനെ വികസിപ്പിച്ചെടുത്ത ശേഷമാണ് പ്രതിരോധമരുന്നുകളുടേയും വാക്‌സിന്റെയും പരീക്ഷണങ്ങള്‍ ആരംഭിക്കുക. ആഫ്രിക്കന്‍ ഗ്രീന്‍ കുരങ്ങുകളില്‍ നിന്ന് ശേഖരിച്ച കോശങ്ങളില്‍ വൈറസിനെ വളര്‍ത്തി പരീക്ഷണങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. താമസിയാതെ മനുഷ്യകോശങ്ങളില്‍ വൈറസിനെ വളര്‍ത്തിയെടുക്കാനാണ് സിസിഎംബിയും ഐസ്റ്റെമും ചേര്‍ന്നുള്ള സംയുക്തസംരംഭം ലക്ഷ്യമിടുന്നത്.

ഇരു ഗവേഷണകേന്ദ്രങ്ങളിലേയും ആന്റി കോവിഡ് സ്‌ക്രീനിങ് പ്ലാറ്റ്‌ഫോമുകള്‍ സംയുക്തമായാണ് ഈ പഠനം നടത്തുന്നത്.

Top