സി.സി.തമ്പി റോബര്‍ട്ട് വദ്രയുടെ ബിനാമിയായിരുന്നുവെന്ന് എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം

ന്യൂഡല്‍ഹി: അറസ്റ്റിലായ മലയാളി പ്രവാസി വ്യവസായിയും ഹോളിഡേ ഗ്രൂപ് മേധാവിയുമായ സിസി തമ്പി, റോബര്‍ട്ട് വദ്രയുടെ ബിനാമിയായിരുന്നുവെന്ന് എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം. വിദേശ നാണയ ചട്ടം ലംഘിച്ചെന്ന കേസില്‍ ഇന്ന് രാവിലെ ഡല്‍ഹിയില്‍ വെച്ച് എന്‍ഫോഴ്‌സ്‌മെന്റ് തമ്പിയെ അറസ്റ്റ് ചെയ്തിരുന്നു.

വിവാദ ആയുധ ഇടപാടുകാരന്‍ സഞ്ജയ് ഭണ്ഡാരി ലണ്ടനിലെ കെട്ടിടം തമ്പിക്ക് കൈമാറിയെന്നാണ് എന്‍ഫോഴ്‌സ്മെന്റ് വിഭാഗത്തിന്റെ കണ്ടെത്തല്‍. തമ്പിയെ ബിനാമിയാക്കി ഈ കെട്ടിടം റോബര്‍ട്ട് വദ്ര ഉപയോഗിച്ചിരുന്നുവെന്നും എന്‍ഫോഴ്സ് വിഭാഗത്തില്‍ നിന്ന് വിവരം ലഭിച്ചു. തമ്പി കെട്ടിടം വാങ്ങാന്‍ കടലാസ് കമ്പനി രൂപീകരിച്ചെന്നും എന്‍ഫോഴ്‌സ്‌മെന്റ് പറയുന്നു.

ഒഎന്‍ജിസിയുമായി ബന്ധപ്പെട്ട 1000 കോടിയിലേറെ രൂപയുടെ അഴിമതി ഇടപാടില്‍ തമ്പിക്ക് പങ്കുണ്ടെന്നാണ് കേസ്. ഇന്നലെയാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വിളിപ്പിച്ചത് പ്രകാരം സിസി തമ്പി ഡല്‍ഹിയില്‍ എത്തിയത്. ചോദ്യം ചെയ്യലിനൊടുവില്‍ ഇന്ന് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

റോബര്‍ട്ട് വാദ്രക്കെതിരായ അനധികൃത ഭൂമി ഇടപാട്, കള്ളപ്പണ കേസുകളില്‍ തമ്പിക്ക് ബന്ധമുണ്ടെന്ന കണ്ടെത്തലിനെ തുടര്‍ന്ന് ഇഡി നേരത്തെ ചോദ്യം ചെയ്തിരുന്നു. റോബര്‍ട്ട് വാദ്ര ലണ്ടനില്‍ 26 കോടിയുടെ ഫ്‌ലാറ്റും ദുബൈയില്‍ 14 കോടിയുടെ വില്ലയും വാങ്ങിയത് തമ്പിയുടെ കമ്പനി മുഖേനയാണെന്ന റിപ്പോര്‍ട്ടുകളുമുണ്ട്.

Top