പത്താംക്ലാസ് പരീക്ഷയില്‍ മാറ്റങ്ങള്‍ വരുത്താനൊരുങ്ങി സി.ബി.എസ്.ഇ

ന്യൂഡല്‍ഹി: സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എജ്യുക്കേഷന്‍ പത്താംക്ലാസ് പരീക്ഷയില്‍ സമൂലമായ മാറ്റങ്ങള്‍ വരുത്താനൊരുങ്ങുന്നു. ഒബ്ജക്ടീവ് മാതൃകയിലുള്ള ചോദ്യങ്ങളുടെ എണ്ണം കുറച്ച് വിവരണാത്മക ചോദ്യങ്ങള്‍ ഉള്‍പ്പെടുത്താനാണ് സി.ബി.എസ്.ഇ ഉദ്ദേശിക്കുന്നത്.

പുതിയ രീതി അവലംബിക്കുന്നതിലൂടെ വിദ്യാര്‍ഥികള്‍ പാഠഭാഗം ഗ്രഹിക്കാതെ മനഃപാഠമാക്കുന്ന രീതി കുറയ്ക്കാനും ഒപ്പം ക്രിയാത്മക എഴുത്തുരീതി കൂട്ടാനുമാകുമെന്ന് ബോര്‍ഡ് കണക്കുകൂട്ടുന്നു.പുതിയ മാറ്റങ്ങള്‍ വരുന്നതോടെ ചോദ്യങ്ങളുടെ എണ്ണം കുറയ്ക്കുകയും ഓരോ ചോദ്യത്തിന്റെയും മാര്‍ക്ക് കൂട്ടുകയും ചെയ്യും. ഇതോടെ വിദ്യാര്‍ഥികള്‍ക്ക് വിവരണാത്മക രീതിയില്‍ കൂടുതല്‍ ഉത്തരങ്ങളെഴുതേണ്ടതായും വരും.

പുതിയ മാറ്റം വിദ്യാര്‍ത്ഥികളെ പരിചയപ്പെടുത്താനായി മാതൃകാ ചോദ്യപ്പേപ്പറുകള്‍ പുറത്തിറക്കുമെന്നും ബോര്‍ഡ് വ്യക്തമാക്കി. ചോദ്യപ്പേപ്പറില്‍ വരുന്ന പുതിയ പരിഷ്‌കരണത്തേക്കുറിച്ച് വിദ്യാര്‍ഥികള്‍ ആശങ്കപ്പെടേണ്ടതില്ലെന്നും അധികൃതര്‍ പറയുന്നു.പരീക്ഷകളുമായി ബന്ധപ്പെട്ട് സ്ഥിരമായുണ്ടാകുന്ന മാറ്റങ്ങളുടെ ഭാഗമാണ് പുതിയ തീരുമാനത്തിനു പിന്നിലുമെന്ന് ബോര്‍ഡ് അധികൃതര്‍ വ്യക്തമാക്കി.

Top