സി.ബി.എസ്.ഇ സ്‌കൂളുകളിലെ ഫീസ് വർധന;പരിശോധിക്കുമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍

കൊച്ചി : കോവിഡ് പ്രതിസന്ധി കാലത്തും സി.ബി.എസ്.ഇ സ്‌കൂളുകള്‍ അമിത ഫീസ് ഈടാക്കിയതുമായി ബന്ധപ്പെട്ട വിഷയത്തിൽ, ഡി.ഇ.ഒമാര്‍ പരിശോധന നടത്തുമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ പറഞ്ഞു. കോടതിയിൽ രക്ഷിതാക്കളുടെ ഹര്‍ജി പരിഗണിക്കവെയാണ് സംസ്ഥാന സര്‍ക്കാര്‍ ഇക്കാര്യം വ്യക്തമാക്കിയത്. സി.ബി.എസ്.ഇ സ്‌കൂളുകള്‍ ഈ കാലഘട്ടത്തില്‍ ലാഭലക്ഷ്യത്തോടെ പ്രവര്‍ത്തിക്കാന്‍ പാടില്ലെന്നാണ് സര്‍ക്കാര്‍ കോടതിയില്‍ നിലപാടായി അറിയിച്ചത്. കൂടാതെ അമിത ഫീസ് ഈടാക്കുന്നത് കണ്ടെത്തുമെന്നും സര്‍ക്കാര്‍ ഉറപ്പുനല്‍കി.

മാനേജ്‌മെന്റുകള്‍ സ്‌കൂളുകളുടെ വരവ് ചെലവ് കണക്കുകള്‍ ഡി.ഇ.ഒമാര്‍ക്ക് സമര്‍പ്പിക്കണം. അടുത്ത മാസം 24നകം ഡി.ഇ.ഒമാര്‍ വരവ് ചെലവ് കണക്കുകള്‍ പരിശോധിച്ച് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചു. കോവിഡ് കാലത്ത് സി.ബി.എസ്.ഇ സ്‌കൂളുകള്‍ നടത്തിയ ഓണ്‍ലൈന്‍ ക്ലാസുകളില്‍ അമിത ഫീസ് ഈടാക്കുകയും ഫീസ് അടയ്ക്കാത്ത വിദ്യാര്‍ഥികളെ പുറത്താക്കുകയും ചെയ്യുന്നുവെന്ന് വ്യാപകമായി പരാതി ഉയര്‍ന്നിരുന്നു.

Top