സിബിഎസ്ഇ പ്ലസ്ടു ഫലം പ്രഖ്യാപിച്ചു; 99.37 വിജയ ശതമാനം

ദില്ലി: സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു. 99.37 വിദ്യാര്‍ത്ഥികള്‍ ഉപരിപഠനത്തിന് അര്‍ഹത നേടി. cbseresults.nic.in എന്ന വെബ്‌സൈറ്റില്‍ നിന്ന് ഫലം അറിയാം. കൊവിഡ് പശ്ചാത്തലത്തില്‍ പരീക്ഷ ഒഴിവാക്കി പ്രത്യേക മൂല്യനിര്‍ണ്ണയം വഴിയാണ് വിജയം നിര്‍ണയിച്ചത്.

results.nic.in , cbseresults.nic.in , cbse.nic.in , സിബിഎസ്ഇ 12-ാം ക്ലാസ് പരീക്ഷാ ഫലം ഈ വെബ്സൈറ്റുകളിലൂടെ ലഭ്യമാകും. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ റദ്ദാക്കുകയും ഫലപ്രഖ്യാപനത്തിനായി പ്രത്യേക മുല്യനിര്‍ണ്ണയ രീതിയും ഏര്‍പ്പെടുത്തുകയായിരുന്നു.

പത്താം ക്ലാസിലെ കൂടുതല്‍ മാര്‍ക്ക് കിട്ടിയ മൂന്ന് തിയറി വിഷയങ്ങളുടെ ശരാശരി മാര്‍ക്ക് കണക്കാക്കി 30 ശതമാനം വെയിറ്റേജും പതിനൊന്നാം ക്ലാസില്‍ എല്ലാ തിയറി പേപ്പറിന്റെയും മാര്‍ക്കും പരിഗണിച്ച് 30 ശതമാനം വെയിറ്റേജും നല്‍കുമ്പോള്‍, പന്ത്രണ്ടാം ക്ലാസില്‍ പ്രാക്ടിക്കല്‍, ഇന്റേണല്‍ മാര്‍ക്ക്, ക്ലാസ് പരീക്ഷകള്‍ ഉള്‍പ്പടെയിലെ പ്രകടനം കണക്കാക്കി 40 ശതമാനം വെയിറ്റേജ് നല്‍കിയാണ് ഫലപ്രഖ്യാപനം.

സ്‌കൂളുകള്‍ നേരത്തെ മൂന്ന് വര്‍ഷത്തെ മാര്‍ക്കുകള്‍ കണക്ക് ആക്കി സിബിഎസ്ഇക്ക് സമര്‍പ്പിച്ചിരുന്നു. അതേസമയം മാനദണ്ഡം അനുസരിച്ച് യോഗ്യത നേടാത്ത കുട്ടികള്‍ക്ക് വീണ്ടും പരീക്ഷ എഴുതാന്‍ അവസരമുണ്ട്. മാര്‍ക്കുകള്‍ മെച്ചപ്പെടുത്താന്‍ ആഗ്രഹമുള്ള കുട്ടികള്‍ക്കും വീണ്ടും പരീക്ഷ എഴുതാന്‍ അവസരം നല്‍കുമെന്ന് സിബിഎസ്ഇ അറിയിച്ചിട്ടുണ്ട്. മാര്‍ക്കുകള്‍ സംബന്ധിച്ച് പരാതികള്‍ പരിഹരിക്കാന്‍ സ്‌കൂള്‍ തലത്തിലും സോണല്‍ തലത്തിലും സമിതിക്കള്‍ക്ക് സിബിഎസ്ഇ രൂപം നല്‍കിയിട്ടുണ്ട്.

 

Top