സി ബി എസ് ഇ പത്താം ക്ലാസ് പരീക്ഷ നടത്തേണ്ടതില്ലെന്ന് തീരുമാനം

exam

ന്യൂഡല്‍ഹി: ചോദ്യപേപ്പര്‍ ചോര്‍ച്ചയെ തുടര്‍ന്ന് വീണ്ടും നടത്താന്‍ തീരുമാനിച്ച സിബിഎസ്ഇ പത്താം ക്ലാസിലെ കണക്ക് പുനഃപരീക്ഷ നടത്തേണ്ടെന്ന് തീരുമാനം. ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക ഉത്തരവ് ഇന്ന് പുറത്തിറങ്ങും. ഉത്തരക്കടലാസ് വിശകലനം ചെയ്ത ശേഷമാണ് തീരുമാനത്തിലെത്തിയത്.

ചോദ്യപേപ്പര്‍ ചോര്‍ച്ച വ്യാപകമല്ല എന്ന് ഡല്‍ഹി പൊലീസ് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. കണക്ക് ചോദ്യപേപ്പര്‍ ചോര്‍ച്ച ഗൗരവമല്ലെന്നാണ് കേന്ദ്ര മാനവവിഭവ ശേഷി വികസന മന്ത്രാലയത്തിന്റെയും നിലപാട്.

സിബിഎസ്ഇ ചോദ്യപേപ്പര്‍ ചോര്‍ച്ചയെ തുടര്‍ന്ന് ഒരു ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തതായി കഴിഞ്ഞ ദിവസം മാനവവിഭവ ശേഷി വികസന മന്ത്രാലയം അറിയിച്ചിരുന്നു. മേല്‍നോട്ടത്തില്‍ അശ്രദ്ധവരുത്തിയതിനെ തുടര്‍ന്നാണ് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്ററി എഡ്യുക്കേഷന്‍ ഒരാളെ സസ്‌പെന്‍ഡ് ചെയ്തത്. പരീക്ഷാ കേന്ദ്രം 0859ലെ കെ.എസ് റാണ എന്ന ഉദ്യോഗസ്ഥനെയാണ് പത്താം ക്ലാസിലെയും പന്ത്രണ്ടാം ക്ലാസിലെയും ചോദ്യപേപ്പര്‍ ചോര്‍ച്ചയെ തുടര്‍ന്ന് സസ്‌പെന്‍ഡ് ചെയ്തത്.

കേസുമായി ബന്ധപ്പെട്ട് ഡല്‍ഹിയില്‍ മൂന്നുപേരാണ് അറസ്റ്റിലായിട്ടുള്ളത്. പന്ത്രണ്ടാം ക്ലാസിലെ ഇക്കണോമിക്‌സ്, പത്തിലെ കണക്ക് ചോദ്യപേപ്പറുകള്‍ ചോര്‍ന്ന സംഭവത്തില്‍ ശനിയാഴ്ച ആറു പേരെ കസ്റ്റഡിയിലെടുത്തിരുന്നു.

Top