ഒമ്പതാം ക്ലാസ് മുതല്‍ പന്ത്രണ്ടാംക്ലാസ് വരെയുള്ള സിലബസ് വെട്ടിക്കുറച്ച് സിബിഎസ്ഇ

ന്യൂഡല്‍ഹി: കൊവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ഒമ്പതാം ക്ലാസ് മുതല്‍ പന്ത്രണ്ടാംക്ലാസ് വരെയുള്ള സിലബസില്‍ 30 ശതമാനം വെട്ടിക്കുറച്ച് സിബിഎസ്ഇ. എന്നാല്‍ പ്രധാനപാഠഭാഗങ്ങളെല്ലാം നിലനിര്‍ത്തുമെന്നും സിബിഎസ്ഇ വ്യക്തമാക്കിയിട്ടുണ്ട്. കൊവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ സ്‌കൂളുകള്‍ കഴിഞ്ഞ നാല് മാസമായി അടഞ്ഞുകിടക്കുകയാണ്. ഈ സാഹചര്യത്തിലാണ് സിബിഎസ്ഇ സ്‌കൂള്‍ സിലബസ് കാര്യമായി പരിഷ്‌കരിക്കാന്‍ തീരുമാനിച്ചത്.

പഠനഭാരവും, പഠിപ്പിക്കാന്‍ അധ്യാപകരുടെ മേല്‍ വരുന്ന ഭാരവും കുറയ്ക്കാനാണ് തീരുമാനമെന്ന് കേന്ദ്രമാനവവിഭവശേഷി മന്ത്രി രമേശ് പൊക്രിയാല്‍ നിഷാങ്ക് വ്യക്തമാക്കി.”പ്രധാനപാഠഭാഗങ്ങളും വിഷയങ്ങളും സിലബസ്സില്‍ നിലനിര്‍ത്തും. ഉപരിപഠനത്തിന് തടസ്സമുണ്ടാകാത്ത രീതിയിലാകും സിലബസ് പരിഷ്‌കരണം”, എന്നും മന്ത്രി അറിയിച്ചു.

സിബിഎസ്ഇ പാഠഭാഗങ്ങളില്‍ കാര്യമായ പരിഷ്‌കരണം വരുത്തണമെന്ന് നേരത്തേ ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ആവശ്യപ്പെട്ടിരുന്നു. മാര്‍ച്ച് 16 മുതല്‍ രാജ്യത്തെ എല്ലാ സര്‍വകലാശാലകളും സ്‌കൂളുകളും അടഞ്ഞുകിടക്കുകയാണ്. കൊവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായിരുന്നു ഈ നടപടി.

Top