സിബിഎസ്ഇ ബോര്‍ഡ് പരീക്ഷാ സമയക്രമം ചൊവ്വാഴ്ച പ്രസിദ്ധീകരിക്കും; കേന്ദ്ര വിദ്യാഭ്യാസ മന്ത്രി

ന്യൂഡല്‍ഹി: രാജ്യത്ത് സി.ബി.എസ്.ഇ 10, 12 ക്ലാസുകളിലെ ബോര്‍ഡ് പരീക്ഷകളുടെ സമയക്രമം ചൊവ്വാഴ്ച പ്രസിദ്ധീകരിക്കുമെന്ന് കേന്ദ്ര വിദ്യാഭ്യാസമന്ത്രി രമേഷ് പൊഖ്‌റിയാല്‍. മെയ് 4 മുതല്‍ ജൂണ്‍ 10 വരെയാണ് പരീക്ഷകള്‍ നിശ്ചയിച്ചിട്ടുള്ളത്. കോവിഡ് കാരണം സ്‌കൂളുകളില്‍ അധ്യയനം നടക്കാത്തതും സിലബസുകള്‍ പൂര്‍ത്തിയാക്കാന്‍ സമയമെടുത്തതുമാണ് പരീക്ഷകള്‍ മുന്‍കാലങ്ങളെ അപേക്ഷിച്ചു വൈകാന്‍ ഇടയാക്കിയത്. സിലബസുകളിലടക്കം കുറവ് വരുത്തിയാണ് സി.ബി.എസ്.ഇ. ഇക്കൊല്ലം പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്നത്.

പുതിയ വിദ്യാഭ്യാസനയം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് പത്തു ലക്ഷം അധ്യാപകര്‍ക്ക് പരിശീലനം നല്‍കുന്നതിനും 1975ന് ശേഷം ബോര്‍ഡ് പരീക്ഷ എഴുതിയവരുടെ മാര്‍ക്ക് ഷീറ്റ് ഉള്‍പ്പെടെയുള്ള രേഖകള്‍ ഡിജിറ്റല്‍ രൂപത്തിലാക്കി സൂക്ഷിക്കാനും സി.ബി.എസ്.ഇ. തീരുമാനിച്ചിട്ടുണ്ട്. ജൂലായ് 15നകം ഫലം പ്രസിദ്ധീകരിക്കാന്‍ സാധിക്കുമെന്നും രമേഷ് പൊഖ്‌റിയാല്‍ അറിയിച്ചു.

 

Top